NEWS
കൊയ്യോട് ഉമർ മുസ്ലിയാർ സമസ്ത ജനറൽ സെക്രട്ടറി

കോഴിക്കോട് ∙ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയായി പി.പി.ഉമർ മുസല്യാർ കൊയ്യോടിനെ തിരഞ്ഞെടുത്തു. ബുധനാഴ്ച ചേർന്ന സമസ്ത മുശാവറ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.നിലവിൽ സംഘടനയുടെ ട്രഷറർ ആയി പ്രവർത്തിച്ചുവന്ന പി.പി.ഉമർ മുസല്യാർ കൊയ്യോട് സമസ്ത മുശാവറയിലെ പ്രധാനികളിൽ ഒരാളാണ്. കണ്ണൂരിൽ നിന്നുളള മുശാവറ അംഗമായ അദ്ദേഹം സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയയുമായി അടുത്ത ബന്ധം പുലർത്തുന്നയാൾ കൂടിയാണ്. സംഘടനയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ഇടപെട്ട് സമവായത്തോടെ പ്രവർത്തിച്ചതിലൂടെ ശ്രദ്ധേയനാണ്. ലീഗ് അനുകൂല നിലപാടുകൾ പുലർത്തി വന്ന എം.ടി.അബ്ദുല്ല മുസല്യാരെയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും മുതിർന്ന പണ്ഡിതൻ കൂടിയായ പി.പി.ഉമർ മുസല്യാരെ സ്ഥാനത്തേക്ക് നിയോഗിക്കാൻ മുശാവറ അംഗങ്ങൾ തീരുമാനിക്കുകയായിരുന്നു. നിലവിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വന്ന എം.ടി.അബ്ദുല്ല മുസല്യാരെ ട്രഷറർ സ്ഥാനത്തേക്ക് നിയോഗിച്ചു. വൈസ് പ്രസിഡന്റുമാരായി വി.മൂസക്കോയ മുസല്യാരെയും എ.വി.അബ്ദുറഹിമാൻ മുസല്യാരെയും തിരഞ്ഞെടുത്തു.
Fashion ⏭️




