SPORTS

‘15 വയസ്സായാലും 30 വയസ്സായാലും കാത്തിരിക്കണം, സഞ്ജുവിനു തന്നെയാണ് ആദ്യ പരിഗണന’: ‘വൈഭവ് ചർച്ചകളിൽ’ തുറന്നുപറഞ്ഞ് ഗംഭീർ


ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പര 3–0നാണ് ഇന്ത്യ തൂത്തുവാരിയത്. മൂന്നു മത്സരങ്ങളിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യമാണ് കണ്ടത്. ആദ്യ രണ്ടു മത്സരങ്ങളിലും ചേസ് ചെയ്ത ഇന്ത്യ, അതിവേഗം ലക്ഷ്യത്തിലെത്തിയെങ്കിൽ മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാനെ അതിവേഗം ഓൾഔട്ടാക്കുകയും ചെയ്തു. എന്നാൽ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് പരമ്പര നേടിയിട്ടും മൂന്നാം മത്സരത്തിൽ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് അവസരം കൊടുക്കാത്തതിനെതിരെ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇലവനിൽ സ്ഥാനംപിടിക്കാൻ വൈഭവ് സൂര്യവംശി ഇനിയുടെ ക്ഷമയോടെ കാത്തിരിക്കേണ്ടി വരുമെന്ന് ഗംഭീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘‘നിങ്ങൾക്ക് 15 വയസ്സായാലും 30 വയസ്സായാലും, നിങ്ങളുടെ അവസരത്തിനായി കാത്തിരിക്കേണ്ടി വരുമ്പോൾ നിങ്ങൾ കാത്തിരുന്നേ മതിയാകൂ. അവനുള്ള കഴിവ് എന്താണെന്നും അവന് എന്ത് ചെയ്യാൻ കഴിയുമെന്നും ഞങ്ങൾക്ക് നന്നായി അറിയാം. എന്നാൽ കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി മികച്ച പ്രകടനം നടത്തുന്ന ഒരാൾ, ടീമിലേക്ക് പുതുതായി വന്ന ഒരാളേക്കാൾ എപ്പോഴും മുന്നിലായിരിക്കും.. അവന് എപ്പോഴാണോ അവസരം ലഭിക്കുന്നത്, അപ്പോൾ കൂടുതൽ മത്സരങ്ങളിൽ കളിക്കാനുള്ള നീണ്ട അവസരം തന്നെ അവന് നൽകും. ഡ്രസ്സിങ് റൂമിൽ കടുത്ത മത്സരവും പ്രതിഭകളും ഉണ്ടാകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.’’– ഗംഭീർ പറഞ്ഞു. ‘‘സഞ്ജുവിന്‍റെ കഴിവ് എത്രയോവട്ടം അദ്ദേഹം തെളിയിച്ചതാണ്. ആ പ്രതിഭയില്ലെങ്കില്‍ ഒരാള്‍ക്കും ലോകകപ്പ് പോലെയൊരു ടൂര്‍ണമെന്‍റിന്റെ താരമായി മാറാന്‍ കഴിയില്ല. തുറന്ന് പറഞ്ഞാല്‍ എന്‍റെ കോച്ചിങ് കരിയറിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമായിരുന്നു ഇംഗ്ലണ്ട് പര്യടനത്തില്‍ സഞ്ജുവിനെ പുറത്തിരുത്താനുള്ളത്. പക്ഷേ ചിലപ്പോഴൊക്കെ താരങ്ങളുടെ ഫോം നിങ്ങളുടെ പരിഗണനയില്‍ വരും. എന്‍റെ കാഴ്ചപ്പാടില്‍ ലോകകപ്പ് കോംബിനേഷന്‍ തുടരുന്നതാണ് നല്ലത്. മൂന്നോ നാലോ കളിയില്‍ സ്കോര്‍ ചെയ്തില്ലെന്നത് കൊണ്ട് അവര്‍ മോശം കളിക്കാരാകുന്നില്ല. ഒരു ലോകപ്പില്‍ നിന്ന് അടുത്തതിലേക്ക് അജയ്യരായി എത്തിയവര്‍ ഒരു സീരിസിലെ പ്രകടനത്തിന്‍റെ പേരില്‍ മോശക്കാരാകുന്നില്ല.’’– ഗംഭീർ കൂട്ടിച്ചേർത്തു.  


Auto ⏭️

Back to top button