NEWS

ദുബായ്-അബുദാബി വെറും 30 മിനിറ്റ്; പ്രവാസിമലയാളികൾക്ക് ഇനി താമസം മാറ്റേണ്ട, ‘ഹൈസ്പീഡി’ന് രണ്ട് പ്രധാന സ്റ്റേഷനുകൾ!


ദുബായ്∙ കാറിൽ ഒന്നര മണിക്കൂറെടുത്തിരുന്ന ദുബായ്-അബുദാബി യാത്രയ്ക്ക് വെറും 30 മിനിറ്റ്. യുഎഇയുടെ പുതിയ ഹൈസ്പീഡ് റെയിൽ സർവീസിൽ മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിൽ പറപറക്കാം. ഇത്തിഹാദ് റെയിൽ ശൃംഖലയുടെ ഭാഗമായിരിക്കുമെങ്കിലും നിലവിലെ ദേശീയ പാസഞ്ചർ റെയിലിൽനിന്ന് വ്യത്യസ്തമായി പൂർണമായും വൈദ്യുതീകരിച്ച പ്രത്യേക ഹൈസ്പീഡ് റെയിൽ സംവിധാനമായാണ് പദ്ധതി വികസിപ്പിക്കുന്നത്.ദുബായിൽ ഹൈസ്പീഡ് ട്രെയിനിനായി 2 പ്രധാന സ്റ്റേഷനുകളാണ് പദ്ധതിയിലുള്ളത്. അൽമക്തൂം രാജ്യാന്തര വിമാനത്താവളത്തിന് സമീപവും അൽ ജദ്ദാഫിലും. അബുദാബിയിൽ റീം ഐലൻഡ്, സാദിയാത്ത് ഐലൻഡ്, യാസ് ഐലൻഡ് എന്നിവിടങ്ങളിലായി 3 സ്റ്റേഷനുകളും ഉൾപ്പെടുന്നു. ഇതോടെ നഗരകേന്ദ്രങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയെ അതിവേഗ റെയിൽ ബന്ധിപ്പിക്കും.യാത്രക്കാരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഉയർന്ന ശേഷിയിലും കൂടുതൽ സർവീസുകളിലും പ്രവർത്തിക്കുന്ന ശൃംഖലയാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ദേശീയ പാസഞ്ചർ റെയിൽ സർവീസും ഹൈസ്പീഡ് റെയിലും ചേർന്ന് കൂടുതൽ ഏകീകൃത ഗതാഗത സംവിധാനം രൂപപ്പെടുത്തുകയാണ് ലക്ഷ്യം.


Fashion ⏭️

Back to top button