NEWS
അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യം; കണ്ടെത്തിയത് 300 മീറ്റർ ആഴക്കടലിൽ

കൊച്ചി ∙ അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ)ത്തിന്റെ പേരിൽ അറിയപ്പെടും. സിഎംഎഫ്ആർഐ ഗവേഷകർ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിലാണ് മീനിനെ കണ്ടെത്തിയത്.കഴിഞ്ഞ ജനുവരിയിൽ ലഭിച്ച മത്സ്യം ശാസ്ത്രീയ പരിശോധനയിൽ പുതിയ ഇനം ഈൽ മത്സ്യമാണെന്ന് സിഎംഎഫ്ആർഐയിലെ ഗവേഷകർ തിരിച്ചറിയുകയായിരുന്നു. സിഎംഎഫ്ആർഐയുടെ 80–ാം വാർഷികത്തിന്റെ ഭാഗമായി മീനിന് ‘അരിയോസോമ സിഎംഎഫ്ആർഐയൻസെ’ എന്ന് പേരിട്ടു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ആഴക്കടൽ ദൗത്യത്തിന്റെ ഭാഗമായി സിഎംഎഫ്ആർഐ നടപ്പാക്കുന്ന ഗവേഷണത്തിലാണ് പുതിയ മീനിനെ തിരിച്ചറിഞ്ഞത്. ഇവയുടെ വാണിജ്യപരമായ സാധ്യതകൾ പഠനം നടത്തി മാത്രമേ പറയാനാകൂവെന്ന് ഗവേഷണ പദ്ധതിക്ക് നേതൃത്വം നൽകുന്ന സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. രേഖ ജെ. നായർ പറഞ്ഞു. പുതിയ മത്സ്യം കണ്ടെത്തിയതായുള്ള ശാസ്ത്ര പഠനം രാജ്യാന്തര ടാക്‌സോണമിക് ജേണലായ സൂടാക്‌സയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Fashion ⏭️


