BUSINESS
റഷ്യയുടെ 70% പെട്രോൾ വിപണിയും പിടിച്ച് ഇന്ത്യ;യുദ്ധത്തിൽ കോളടിച്ചത് ഗുജറാത്തിനും പുട്ടിനും, യുഎസിന്റെ പുതിയ ‘ഭീഷണിയും’ ഏറ്റില്ല!

ഓഗസ്റ്റിൽ റഷ്യ ഇറക്കുമതി ചെയ്ത എണ്ണയുടെ 70 ശതമാനവും എത്തിയത് ഇന്ത്യയിൽ നിന്നെന്ന് കണക്കുകൾ. കുറച്ചു മാസങ്ങൾക്ക് മുൻപ് വരെ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡോയിൽ ഇറക്കുമതി ചെയ്തിരുന്ന രാജ്യമായിരുന്നു റഷ്യ. ഇതിൽ 24% കുറവുണ്ടായെന്നും സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (സെറ) കണക്കുകൾ സൂചിപ്പിക്കുന്നു. യുക്രെയ്ൻ ആക്രമണത്തിൽ എണ്ണശുദ്ധീകരണ ശാലകൾക്ക് നാശമുണ്ടായതോടെയാണ് പെട്രോളിനും ഡീസലിനുമായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിൽ റഷ്യയെത്തിയത്. ഓഗസ്റ്റിൽ 1.72 ലക്ഷം ടൺ എണ്ണയാണ് റഷ്യ മറ്റുരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തത്. ഇതിൽ 1.2 ലക്ഷം ടണ്ണും ഇന്ത്യയിൽ നിന്ന് എത്തി. റഷ്യൻ പങ്കാളിത്തമുള്ള നയാര എനർജി ഗുജറാത്തിലെ വാഡിനാർ തുറമുഖത്തിൽ നിന്നാണ് 1.2 ലക്ഷം ടൺ പെട്രോളിയം ഉൽപന്നങ്ങളാണ് കയറ്റുമതി ചെയ്തത്. 7.8 കോടി യൂറോ (ഏകദേശം 862 കോടി രൂപ) വിലവരുന്നതാണിത്. യൂറോപ്യൻ യൂണിയന്റെ ഉപരോധം നിലനിൽക്കുന്ന കമ്പനിയാണ് നയാര. റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റിന് 49.13 ശതമാനം ഓഹരിയാണ് നയാരയിലുള്ളത്. ബാക്കി ഓഹരികൾ കേസാനി എന്റർപ്രൈസസ് എന്ന കൺസോർഷ്യത്തിനാണ്. കുറച്ചു മാസങ്ങൾക്ക് മുൻപ് വരെ റഷ്യയുടെ ആകെ ഇറക്കുമതിയുടെ 6% മാത്രമായിരുന്നു പെട്രോളുണ്ടായിരുന്നത്. എന്നാൽ ഓഗസ്റ്റിൽ ഇത് 74 ശതമാനമായി വർധിച്ചതായും കണക്ക്. റഷ്യൻ ക്രൂഡ് കുറഞ്ഞുഅതേസമയം, ഓഗസ്റ്റിൽ ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡോയിൽ ഇറക്കുമതി 24% കുറഞ്ഞു. ഓഗസ്റ്റിൽ 474 കോടി ഡോളറിന് തുല്യമായ ക്രൂഡോയിലാണ് ഇന്ത്യ റഷ്യയിൽ നിന്ന് എത്തിച്ചത്. തൊട്ടുമുൻ മാസം ഇത് 550 കോടി ഡോളറായിരുന്നു. റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% തീരുവ ചുമത്താനുള്ള ബില്ലിന് യുഎസ് കോൺഗ്രസ് അനുമതി നൽകിയ സാഹചര്യത്തിലാണ് കുറവെന്നതും ശ്രദ്ധേയം. ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യമിടുന്ന ബിൽ ഉടൻ യുഎസ് ജനപ്രതിനിധി സഭയുടെ മുന്നിലെത്തും. എന്നാൽ തീരുവ ഭീഷണിക്കിടയിലും ചൈന കഴിഞ്ഞാൽ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണയിറക്കുമതി ചെയ്ത രാജ്യമാണ് ഇന്ത്യ. നയാരയുടെ വാഡിനാർ റിഫൈനറിയിലും ഇന്ത്യൻ ഓയിലിന്റെ പാരദ്വീപ് റിഫൈനറിയിലുമാണ് ഈ ക്രൂഡോയിൽ അധികവുമെത്തിയത്. ഹോർമുസിൽ കോളടിച്ചത് റഷ്യയ്ക്ക്ഇറാൻ യുദ്ധത്തോടെ ഹോർമുസ് കടലിടുക്ക് അടഞ്ഞത് റഷ്യയ്ക്ക് ഒരർത്ഥത്തിൽ നേട്ടമായെന്നും സെറയുടെ റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ ആക്രമണമുണ്ടായതിനു ശേഷമുള്ള ആദ്യ 6 മാസത്തിൽ റഷ്യയ്ക്ക് സമുദ്രമാർഗമുള്ള ക്രൂഡോയിൽ വ്യാപാരത്തിലൂടെ അധികമായി ലഭിച്ചത് 3590 കോടി ഡോളറിന്റെ വരുമാനമാണ്. ക്രൂഡോയിൽ വില ഉയർന്നു നിൽക്കുന്നതിനാൽ അടുത്ത മാസങ്ങളിലും റഷ്യൻ എണ്ണ വ്യാപാരം വർധിക്കാനാണ് സാധ്യത. ബ്രെന്റ് ക്രൂഡോയിലിനേക്കാൾ 24 ശതമാനം ഡിസ്ക്കൗണ്ടിലാണ് ഇപ്പോഴും ഇന്ത്യയ്ക്ക് റഷ്യൻ ഉറാൽ ക്രൂഡ് ലഭിക്കുന്നതെന്നും റിപ്പോർട്ട് തുടരുന്നു.
Travel ⏭️


