BUSINESS

എഐ മനുഷ്യരെ ഇല്ലാതാക്കും; ‘സ്ലോഡൗൺ’ മുറവിളിയുമായി സിഇഒമാർ; ‘തല പോയാലും’ ചൈനയെ തോൽപ്പിച്ചാൽ മതി, ആവശ്യം തള്ളി ട്രംപ്


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ ശേഷിയെക്കുറിച്ചുള്ള ആശങ്ക വർധിക്കുന്നതിനിടെ നിർണായക പ്രഖ്യാപനവുമായി ഓപ്പൺ എഐ. നേരത്തെ തീരുമാനിച്ചതു പോലെ കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) ഇക്കൊല്ലം ഉണ്ടാകില്ലെന്ന് സിഇഒ സാം ആൾട്ട്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഇതോടെ നിക്ഷേപകർ ഏറെ കാത്തിരുന്ന ഐപിഒ അടുത്ത കൊല്ലത്തേക്ക് നീളുമെന്ന് ഉറപ്പായി. നിലവിലെ സാഹചര്യത്തിൽ ഐപിഒ നടത്തുന്നത് തെറ്റായ കാര്യമാണൈന്നാണ് ആൾട്ട്മാന്റെ വാദം.ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയുടെ ഒരു ലേഖനമാണ് പുതിയ വിവാദങ്ങൾക്കെല്ലാം കാരണമായത്. കമ്പനിയിൽ കൂടുതൽ സുരക്ഷ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം എഐ ഗവേഷണങ്ങളുടെ വേഗത കുറയ്ക്കാൻ മറ്റ് കമ്പനികളോട് ആവശ്യപ്പെടുകയും ചെയ്തു. മൂന്നു ഘട്ടമായുള്ള നിയന്ത്രണങ്ങളും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. ആന്ത്രോപിക്കിന്റെ പ്രവർത്തനങ്ങളിൽ മൂന്നാം കക്ഷിയെ പരിശോധനയ്ക്ക് നിയോഗിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക്, ഗൂഗിൾ ഡീപ്മൈൻഡ് സഹസ്ഥാപകൻ ഡെമിസ് ഹസാബിസ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, മുൻ യുഎസ് പ്രസി‍ഡന്റ് ബറാക് ഒബാമ തുടങ്ങിയവർ ഡാരിയോയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. എഐ ഗവേഷണങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ 2030നുള്ളിൽ മനുഷ്യകുലം അവസാനിക്കുമെന്ന മുൻ ആന്ത്രോപിക് ഗവേഷകൻ ജേക്കബ് കോക്സൻ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഡാരിയോയുടെ നീക്കമെന്നതും ശ്രദ്ധേയം. ഒരു കമ്പനിയും ഇക്കാര്യത്തിൽ ഉത്തരവാദിത്തത്തോടെയല്ല പ്രവർത്തിക്കുന്നതെന്നും മനുഷ്യ ജീവൻ വച്ച് പന്താടുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം, യുഎസ് കമ്പനികളുടെ ആവശ്യത്തോട് അനുകൂല നിലപാടല്ല പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ചത്. എഐ മേഖലയിലെ മേധാവിത്വം തുടരാൻ യുഎസ് കമ്പനികൾ ഈ മേഖലയിൽ ഗവേഷണം തുടരണമെന്നാണ് ട്രംപിന്റെ പക്ഷം. അനാവശ്യമായ കാര്യങ്ങൾ ചർച്ചയാക്കാൻ നിരവധിയാളുകൾ ശ്രമിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. എഐയുടെ കാര്യത്തിൽ അമേരിക്ക ചൈനയേക്കാളും മുന്നിലാണ്. അത് അങ്ങനെ തന്നെ തുടരണമെന്നാണ് ‍ഞാൻ ആഗ്രഹിക്കുന്നത്. എഐ മേഖലയിൽ നേട്ടമുണ്ടാക്കുന്നവർ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ എഐ മേഖലയിലെ മെല്ലപ്പോക്കിനുള്ള അഹ്വാനത്തിനു പിന്നിൽ സുരക്ഷാ ആശങ്ക മാത്രമാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഈ മേഖലയിലെ ചെലവ് വർധിക്കുന്നതും എന്നാൽ കാര്യമായ വരുമാനം ഇല്ലാത്തതും കമ്പനികളെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാകുമെന്നും ഗവേഷകർ പറയുന്നു. നടപ്പു സാമ്പത്തിക വർഷത്തിൽ ആന്ത്രോപിക്, ഓപ്പൺ എഐ തുടങ്ങിയ കമ്പനികളെല്ലാം കനത്ത നഷ്ടത്തിലാണെന്ന് എഐ ഗവേഷകനായ ഡോ.എലി ഡേവിഡ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ഇത് വരാനിരിക്കുന്ന ഐപിഒയെ ബാധിക്കുമെന്ന ആശങ്ക കമ്പനികൾക്കുണ്ട്. ഇതിനു പരിഹാരം കാണാനാണ് എഐ സ്ലോഡൗൺ പ്രഖ്യാപിച്ചത്. ഇതിലൂടെ എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാം. ആളുകളുടെ സുരക്ഷയല്ല, ഐപിഒയാണ് കമ്പനികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എഐ ഗവേഷണങ്ങളുടെ വേഗത കുറയ്ക്കുന്നത് ഈ മേഖലയിൽ ചൈന മുന്നിലെത്താൻ കാരണമാകുമെന്നും ഡേവിഡ് പറയുന്നു. നിരവധി പേരാണ് സമാനമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ടു ലക്ഷം കോടി ഡോളർ മൂല്യം കണക്കാക്കി 10,000 കോടി ഡോളർ സമാഹരിക്കാനുള്ള ശ്രമത്തിലാണ് ആന്ത്രോപിക്കെന്ന് റിപ്പോർട്ടുകൾ പറയുന്നു. സമാനമായ ഐപിഒയാണ് ഓപ്പൺ എഐയും ലക്ഷ്യം വക്കുന്നത്. ഇന്ത്യൻ ഐടിക്ക് നേട്ടം


Travel ⏭️

Back to top button