BUSINESS
ഇന്റർവ്യൂ ചെയ്യാൻ സിഇഒ വന്നപ്പോൾ വൈകി; ഈ ജോലി ഇനി വേണ്ടെന്ന് ഉദ്യോഗാർഥി, ‘സ്ക്രീൻ ഷോട്ട്’ വൈറൽ

അഭിമുഖത്തിന് വൈകിയെത്തിയതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടവരുടെ പല കഥകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അഭിമുഖം നടത്തേണ്ട കമ്പനിയുടെ സിഇഒ തന്നെ വൈകിയാലോ. അഭിമുഖത്തിന് സിഇഒ ഒരു മണിക്കൂറിലേറെ വൈകിയതിന്റെ പേരിൽ ജോലി വേണ്ടെന്ന് വച്ച ഒരു ഉദ്യോഗാർഥിയുടെ അനുഭവമാണ് ഇപ്പോൾ കോർപറേറ്റ് ലോകത്തെ സംസാര വിഷയം. മോഹൻ എന്നയാൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് കോർപറേറ്റ് തൊഴിൽ സംസ്ക്കാരത്തെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്കും തുടക്കമിട്ടു. ‘ജോലി നിരസിക്കാനുള്ള കാരണം’ എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഒരു ഇമെയിലിന്റെ സ്ക്രീൻ ഷോട്ട് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ- ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് അഭിമുഖത്തിനുള്ള സമയം നിശ്ചയിച്ചിരുന്നത്. അരമണിക്കൂർ മുൻപ് തന്നെ അഭിമുഖത്തിന് താൻ ഹാജരായി. നിശ്ചയിച്ച സമയത്തേക്കാളും ഒരു മണിക്കൂറോളം വൈകി 3.10നാണ് സിഇഒ അഭിമുഖത്തിനെത്തിയത്. എന്നാൽ വൈകിയതിന് ക്ഷമാപണം നടത്താനോ വ്യക്തമായ കാരണം പറയാനോ സിഇഒ തയാറായില്ല. നിശ്ചയിച്ചതു പോലെ അഭിമുഖം നടക്കുകയും ചെയ്തു. ഇന്റർവ്യൂ തുടങ്ങിയപ്പോൾ തന്നെ ജോലി സ്വീകരിക്കില്ലെന്ന് താൻ ഉറപ്പിച്ചിരുന്നതായും ഉദ്യോഗാർഥി പറയുന്നു. മറ്റുള്ളവരുടെ സമയത്തിന് കമ്പനി നൽകുന്ന മൂല്യമാണ് ഇതിലൂടെ തെളിഞ്ഞത്. കമ്പനിയിൽ ചേരുന്നതിന് മുൻപുള്ള തന്റെ അനുഭവം ഇതാണ്. ജോലിക്ക് ചേർന്നു കഴിഞ്ഞാൽ എന്തുണ്ടാകുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂവെന്നും പോസ്റ്റ് തുടരുന്നു. ഇത്തരം സംസ്ക്കാരമുള്ള കമ്പനിയിൽ ജോലി ചെയ്യാത്തതാണ് നല്ലതെന്നും പോസ്റ്റിൽ പറയുന്നു. അതേസമയം, പോസ്റ്റ് പുതിയ ചർച്ചകൾക്കും വഴിവച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ ഉദ്യോഗാർഥി സ്വീകരിച്ചതു തന്നെയാണ് ശരിയായ നിലപാടാണെന്ന് ചിലർ പറയുന്നു. ഉദ്യോഗാർഥിയുടെ സമയത്തെയും കമ്പനി ബഹുമാനിക്കേണ്ടതായിരുന്നു. സമയം മാറ്റിവച്ച് തയാറെടുപ്പുകൾ നടത്തിയതിനു ശേഷമാണ് ഓരോ അഭിമുഖങ്ങൾക്കും അവർ എത്തുന്നത്. അതുകൊണ്ട് ഇക്കാര്യത്തിൽ കമ്പനികൾ സുതാര്യത പുലർത്തണം. അഭിമുഖം വൈകുമെങ്കിൽ ഇക്കാര്യം ഉദ്യോഗാർഥിയെ അറിയിക്കാമായിരുന്നുവെന്നും ചിലർ കുറിക്കുന്നു. എന്നാൽ സിഇഒ പോലുള്ള ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് ഒട്ടേറെ തിരക്കുകൾ ഉണ്ടാകാമെന്നും എന്തെങ്കിലും അത്യാവശ്യത്തിന്റെ പേരിലായിരിക്കും അദ്ദേഹം വൈകിയതെന്നുമാണ് മറ്റു ചിലർ വാദിക്കുന്നത്. ഇതുമനസിലാക്കി ഉദ്യോഗാർഥി കാത്തിരിക്കുകയായിരുന്നു വേണ്ടതെന്നും ഇവർ പറയുന്നു.
Travel ⏭️


