SPORTS
‘വന്ദേമാതരം പാടിയാൽ ഇന്ത്യൻ ടീം കൂടുതൽ ശക്തമാകുമോ?’: വിമർശിച്ച് കോൺഗ്രസ്; ഇനി എല്ലാ ആഭ്യന്തര പരമ്പരയിലും ആലപിക്കുമെന്ന് ബിസിസിഐ

ന്യൂഡൽഹി ∙ ഒരു രാജ്യാന്തര കായിക മത്സരത്തിൽ ആദ്യമായി ‘വന്ദേമാതരം’ ആലപിച്ചതിനു പിന്നാലെ രാഷ്ട്രീയ വിവാദം. ഞായറാഴ്ച നടന്ന ഇന്ത്യ– അഫ്ഗാനിസ്ഥാൻ ഒന്നാം ട്വന്റി20 മത്സരത്തിന് മുന്നോടിയായാണ് ഡൽഹി അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിൽ ദേശീയഗീതമായ ‘വന്ദേമാതരം’ ആലപിച്ചത്. ഇതിനു പിന്നാലെ ദേശീയഗാനമായ ‘ജനഗണമന’യും ആലപിച്ചു. വന്ദേമാതരത്തിന്റെ ആറു ചരണങ്ങളും സ്റ്റേഡിയത്തിൽ പ്ലേ ചെയ്തു. ഇനിമുതൽ ഓരോ ആഭ്യന്തര പരമ്പരയിലെയും ആദ്യ മത്സരത്തിന് മുന്നോടിയായി വന്ദേമാതരം ആലപിക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 1937ലെ കോൺഗ്രസ് പ്രമേയം മുൻനിർത്തി, പാർട്ടി പരിപാടികളിൽ ദേശീയ ഗീതത്തിന്റെ ആദ്യ രണ്ടു ചരണങ്ങൾ മാത്രം നിലനിർത്താൻ അടുത്തിടെ ചേർന്ന വർക്കിങ് കമ്മിറ്റി യോഗത്തിൽ കോൺഗ്രസ് പ്രമേയം പാസാക്കിയിരുന്നു. 1937ലാണ് കോൺഗ്രസ് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ ദേശീയ ഗീതമായി തിരഞ്ഞെടുത്തത്, പിന്നീട് 1950 മുതൽ ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭ ഇതിനെ ‘ദേശീയ ഗീതമായി’ അംഗീകരിക്കുകയായിരുന്നു. ദേശീയ ഗീതത്തിന്റെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 6ന് ആഭ്യന്തര മന്ത്രാലയം വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
Auto ⏭️


