SPORTS
ഉത്തരംമുട്ടി! പാക്ക് ക്രിക്കറ്റ് താരങ്ങളെ 2 മണിക്കൂർ ചോദ്യം ചെയ്ത് സൈബർ ക്രൈം ഏജൻസി; ഒരു താരത്തെയും കൂടി വിളിപ്പിച്ചേക്കും

ലഹോർ ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് റിസ്‌വാനെയും ഇമാം ഉൽ ഹഖിനെയും ചോദ്യം ചെയ്ത് പാക്കിസ്ഥാനിലെ നാഷനൽ സൈബർ ക്രൈം അന്വേഷണ ഏജൻസി (എൻസിസിഐഎ). ഇംഗ്ലണ്ട് പര്യടനത്തിനിടെ പാക്ക് ഡ്രസ്സിങ് റൂമിലെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിലാണ് ഇരുവരും എൻസിസിഐഎക്കു മുന്നിൽ ഹാജരായത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്ന് റിസ്‍വാനും ഇമാമും ഉൾപ്പെടെയുള്ള ഏഴു താരങ്ങളെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നാട്ടിലേക്ക് മടക്കി അയച്ചിരുന്നു. ജിയോ ന്യൂസ് റിപ്പോർട്ട് പ്രകാരം, ലഹോറിലെ ജോഹർ ടൗണിലുള്ള എൻസിസിഐഎ ആസ്ഥാനത്ത് ഏകദേശം രണ്ട് മണിക്കൂറോളമാണ് ഇവരെ ചോദ്യം ചെയ്തത്.ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനു മുന്നോടിയായി താരങ്ങളുടെ മൊബൈൽ ഫോണുകൾ പിസിബി കസ്റ്റഡിയിലെടുക്കുകയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു എന്ന വാർത്തകൾ പരന്നതിന് പിന്നാലെയാണ് ഈ നടപടി. റിസ്‌വാന്റെയും ഇമാമിന്റെയും മൊബൈൽ ഫോണുകളിൽ നിന്ന് വീണ്ടെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻസിസിഐഎ ഇരുവരെയും ചോദ്യം ചെയ്തത്. ഇതോടെ, ഇരുവരും ഒത്തുകളിക്ക് ശ്രമിച്ചിരുന്നോ എന്ന സംശവയും ഉയരുന്നുണ്ട്.
Auto ⏭️


