NEWS
മന്ത്രിക്കും കെഎസ്ഇബിയുടെ ‘കട്ട്’; പ്രസംഗിക്കുന്നതിനിടെ കറന്റ് പോയി, വേദിവിട്ടിറങ്ങി സണ്ണി ജോസഫ്

കൊച്ചി ∙ വൈദ്യുതി പ്രതിസന്ധിയുടെ ‘ഷോക്കേറ്റ്’ വകുപ്പു മന്ത്രിയും. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സംസാരിച്ചു കൊണ്ടിരിക്കെ വൈദ്യുതി നിലച്ചു. ഇതോടെ, മന്ത്രി പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു. കച്ചേരിപ്പടി ആശിര്‍ഭവനിൽ നടന്ന കെഎസ്ഇബി ഓഫിസേഴ്സ് ഫെഡറേഷന്റെ 18–ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് വൈദ്യുതി പോയത്. സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും വിശദീകരിച്ചുകൊണ്ടിരിക്കെയാണ് വൈദ്യുതി നിലച്ചത്.അദ്ഭുതങ്ങൾ പ്രവർത്തിച്ചോ സ്വിച്ചിട്ടപോലെയോ നിർത്താൻ കഴിയുന്ന ഒന്നല്ല വൈദ്യുതി പ്രതിസന്ധിയെന്ന് മന്ത്രി പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്തെ നടപടികളാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി ആരോപിച്ചു. വൈദ്യുതി വകുപ്പ് ഏറ്റെടുക്കുന്നത് ‘മുൾക്കിരീടം’ ശിരസ്സിലേറ്റുന്നത് പോലെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ അത് പുഷ്പകിരീടമാക്കാനുള്ള ശ്രമത്തിലാണ് താനെന്നും സംസാരിച്ചു പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് വൈദ്യുതി പോയത്.
Fashion ⏭️


