NEWS
സെലെൻസ്കി സഞ്ചരിച്ച വിമാനം ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്: നോർവീജിയൻ പ്രധാനമന്ത്രി

ഓസ്ലോ ∙ നോർവേയിലെ ഭരണാധികാരിയായിരുന്ന ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഓസ്ലോയിലേക്ക് പോയ യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സഞ്ചരിച്ച വിമാനം തലനാരിഴയ്‌ക്കാണ് ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ. ‘മോൾഡോവയിൽ നിന്ന് പറന്നുയർന്നതിനു പിന്നാലെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ നിന്ന് അദ്ദേഹത്തിന്റെ വിമാനം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.’ – നോർവീജിയൻ മാധ്യമമായ എൻആർകെയോട് ജോനാസ് ഗഹർ സ്റ്റോർ പറഞ്ഞു. എന്നാൽ സംഭവത്തെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും അദ്ദേഹം പുറത്തുവിട്ടില്ല.ചൊവ്വാഴ്ച വൈകുന്നേരം ഓസ്ലോയിൽ എത്തിയ സെലെൻസ്കി, പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, ധനമന്ത്രി യെൻസ് സ്റ്റോൾട്ടൻബർഗ്, വിദേശകാര്യ മന്ത്രി എസ്പെൻ ബാർത്ത് ഈഡ് എന്നിവരുമായി നോർവേയുടെ സൈനിക സഹായം, വ്യോമപ്രതിരോധ പിന്തുണ, പൗരസഹായം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്തി. ബുധനാഴ്ച, ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ മറ്റ് നിരവധി വിദേശ പ്രമുഖർക്കൊപ്പം സെലെൻസ്കി പങ്കെടുത്തു. സംസ്കാര ചടങ്ങുകൾക്കു ശേഷം സെലെൻസ്കി കാനഡയിലേക്ക് തിരിച്ചു. കനേഡിയൻ നേതാക്കളുമായി ചർച്ച നടത്താനായിരുന്നു അദ്ദേഹത്തിന്റെ യാത്ര എന്നും ജോനാസ് ഗഹർ സ്റ്റോർ പറഞ്ഞു.
Fashion ⏭️


