‘പവർ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണം’; സണ്ണി ജോസഫിനോട് കെ സുരേന്ദ്രൻ

കെ സുരേന്ദ്രൻ, സണ്ണി ജോസഫ്
തിരുവനന്തപുരം: കേരളത്തിലെ പവർ കട്ടിൽ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. പവർ കട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത വൈദ്യുതി മന്ത്രി സണ്ണി ജോസഫിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. വൈദ്യുതി വകുപ്പിന്റെ മന്ത്രി മാത്രമല്ല, ഭരണകക്ഷിയുടെ അദ്ധ്യക്ഷൻ കൂടിയാണെന്നും ജനങ്ങളോട് അൽപ്പമെങ്കിലും മര്യാദ കാണിക്കണമെന്നും കെ സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ബഹുമാനപ്പെട്ട ശ്രീ. സണ്ണി ജോസഫ് , താങ്കൾ വൈദ്യുതി വകുപ്പിന്റെ മന്ത്രി മാത്രമല്ല ഭരണകക്ഷിയുടെ അദ്ധ്യക്ഷൻ കൂടിയാണ്. ഒരല്പം മര്യാദ പ്രജകളോട് കാണിക്കണം. പവർ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട് പൊതുജനം. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ പിന്നിലെ ശാന്തിനഗർ കോളനിയിൽ ഇന്നലെ രാത്രി രണ്ടുതവണയായി ഒന്നര മണിക്കൂറാണ് കറണ്ടുപോയത്. അപ്പോൾ പിന്നെ ബാക്കി സ്ഥലങ്ങളുടെ കാര്യം പറയാനില്ലല്ലോ.
പവർ കട്ട് ഒരു മണിക്കൂറിലധികം
സമയമോ, ദൈർഘ്യമോ പറയാതെയുള്ള വൈദ്യുതി കട്ട് ജനത്തിന്റെ ഉറക്കം കെടുത്തുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം രാത്രി പലപ്പോഴായി ഒരു മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി. മഴ കുറഞ്ഞതോടെ രാത്രിയിലും അപാര ചൂടാണ്. ഇത് വൈദ്യുതി ഉപഭോഗം വർദ്ധിപ്പിച്ചു. രാത്രി 6.30നും 12.30നുമിടയിൽ എപ്പോൾ വേണമെങ്കിലും വൈദ്യുതി മുടങ്ങാവുന്ന സ്ഥിതിയാണ്.
കൃത്യമായ സമയം പറയാനാവില്ലെന്നും കേരളത്തിന് പുറത്ത് നിന്നുള്ള വൈദ്യുതിയുടെ ലഭ്യത കുറയുമ്പോഴാണ് കട്ട് വേണ്ടി വരുന്നതെന്നുമാണ് കെഎസ്ഇബിയുടെ വിശദീകരണം. വേനൽക്കാലത്ത് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയ വൈദ്യുതിക്ക് പകരം, മഴ ലഭിക്കുമ്പോൾ തിരികെ വൈദ്യുതി നൽകുന്ന കൈമാറ്റ കരാറുകളുടെ കാലാവധി 15ന് അവസാനിക്കും. ഇതോടെ 400 മെഗാവാട്ട് വൈദ്യുതി ആഭ്യന്തരമായി ഉപയോഗിക്കാൻ കെഎസ്ഇബിക്ക് കഴിയും.
നിലവിലെ പ്രതിസന്ധി തത്കാലം തുടരുമെന്നാണ് മന്ത്രി സണ്ണി ജോസഫിന്റെ പ്രതികരണം. വൈദ്യുതി വാങ്ങാൻ കിട്ടാത്ത സാഹചര്യവുമുണ്ട്. ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടിൽ ഖേദമുണ്ട്. കൽക്കരി പ്രതിസന്ധി ഈ മാസം 15ഓടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
RELATED TOPICS: K SURENDRAN, KERALA POWER CUT, SUNNY JOSEPH, KERALA ELECTRICITY MINISTER, POWER CUT KERALA
Read News ⏭️


