SPORTS
99 റൺസിൽ നിൽക്കെ തിലക് വർമ പുറത്ത്, സെഞ്ചറി നഷ്ടം, സൗത്ത് സോൺ 336ന് ഓൾഔട്ട്, ഈസ്റ്റ് സോണിന് 372 റൺസ് ലീഡ്

ചെന്നൈ∙ ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ ഒന്നാം ഇന്നിങ്സിൽ ഈസ്റ്റ് സോൺ ശക്തമായ നിലയിൽ. ആദ്യ ഇന്നിങ്സിൽ ഈസ്റ്റ് സോൺ 372 റൺസിന്റെ ലീഡെടുത്തു. ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് സോൺ 107.3 ഓവറിൽ 336 റൺസടിച്ച് ഓൾഔട്ടായി. സൗത്ത് സോൺ ക്യാപ്റ്റൻ തിലക് വർമ 211 പന്തിൽ 99 റൺസടിച്ചു പുറത്തായി. മലയാളി താരം ദേവ്ദത്ത് പടിക്കലും അര്‍ധ സെഞ്ചറി നേടി. 104 പന്തുകൾ നേരിട്ട ദേവ്ദത്ത് പടിക്കൽ 62 റൺസാണു സ്കോർ ചെയ്തത്.മൂന്നാം ദിനം അവസാനിക്കുമ്പോൾ 6ന് 242 റൺസ് എന്ന നിലയിലായിരുന്നു സൗത്ത് സോൺ. ക്യാപ്റ്റൻ തിലക് വർമയും ദേവ്ദത്ത് പടിക്കലും നടത്തിയ ചെറുത്തുനിൽപാണ് ദക്ഷിണ മേഖലയെ തകർച്ചയിൽനിന്നു രക്ഷിച്ചത്. 6–ാം ഓവറിൽ ഓപ്പണർ റിക്കി ഭുയിയെ (1) വീഴ്ത്തിയ മുകേഷ് കുമാറാണ് കിഴക്കൻ മേഖലയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. എന്നാൽ പിന്നാലെയെത്തിയ ദേവ്ദത്ത്, ഓപ്പണർ എൻ.ജഗദീശനൊപ്പം (32) 60 റൺസ് കൂട്ടിച്ചേർത്ത് ദക്ഷിണ മേഖലയ്ക്ക് പ്രതീക്ഷ നൽകി. ജഗദീശനെ ശിഖർ മോഹൻ പുറത്താക്കിയതോടെ ദക്ഷിണ മേഖല വീണ്ടും പ്രതിരോധത്തിലായി.നാലാം ദിനം ചാമ മിലിന്ദിനെ ശിഖർ മോഹന്‍ പുറത്താക്കിയതോടെ വാലറ്റത്തെ കൂട്ടുപിടിച്ച് പ്രതിരോധിക്കാനായിരുന്നു ക്യാപ്റ്റൻ തിലക് വർമയുടെ നീക്കം. എന്നാൽ ത്രിപുരാന വിജയും മുഹമ്മദ് സിറാജും പെട്ടെന്നു മടങ്ങിയതോടെ സൗത്ത് സോണിന്റെ ബാറ്റിങ് ലഞ്ചിനു മുൻപേ അവസാനിച്ചു. 99 റൺസിൽ നിൽക്കെ ഖുറേഷിയുടെ പന്തിൽ തിലക് പുറത്തായതോടെ താരത്തിന് സെഞ്ചറിയും നഷ്ടമായി.
Auto ⏭️


