AUTO
പ്ലാൻ മാറ്റി ഹ്യുണ്ടേയ്; തരംഗമാകാൻ പുതിയ കോംപാക്ട് ഇലക്ട്രിക് എസ്യുവി എത്തുമ്പോൾ!

ഹ്യുണ്ടേയുടെ പുതിയ കോംപാക്ട് ഇലക്ട്രിക് എസ്യുവി പ്രതീക്ഷിച്ചതിലും നേരത്തെ നിരത്തിലെത്തും. 2026ലെ സിഇഒ ഇന്‍വെസ്റ്റര്‍ ഡേയില്‍ 2027 മാര്‍ച്ചിനകം പുതിയ ഇലക്ട്രിക് എസ്യുവി ഇന്ത്യയിലെത്തിക്കുമെന്നാണ് ഹ്യുണ്ടേയ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപിച്ചതിലും മുന്‍പേ വാഹനം ഇന്ത്യയിലെത്തുമെന്നാണ് ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ഗാര്‍ഗ് അറിയിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഹ്യുണ്ടേയ് വാഹനങ്ങളുടെ ആകെ വില്പനയുടെ ഏഴു ശതമാനത്തിലേറെ ഇവികളാക്കി മാറ്റാനാണ് കമ്പനിയുടെ ലക്ഷ്യം. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷവും കമ്പനിയുടെ ആകെ വില്പനയുടെ ഒരു ശതമാനം മാത്രമായിരുന്നു ഹ്യുണ്ടേയ് ഇവികളുടെ വിഹിതം. പുതിയ എസ്യുവിയുടെ വരവോടെ വിപണിയില്‍ വലിയ മുന്നേറ്റമുണ്ടാക്കാമെന്നും ഹ്യുണ്ടേയ് പ്രതീക്ഷിക്കുന്നുണ്ട്. വാഹനം പരമാവധിവേഗത്തില്‍ നിരത്തിലിറക്കുകയെന്ന തന്ത്രത്തിന്റെ ഫലമായാണ് ഇന്ത്യയില്‍ നിര്‍മിക്കുന്ന എക്സൈഡ് ബാറ്ററികള്‍ക്ക് പകരം ആദ്യ ഘട്ടത്തില്‍ സ്വോള്ട്ടിന്റെ സെല്ലുകള്‍ ഉപയോഗിക്കാന്‍ ഹ്യുണ്ടേയ് തീരുമാനിച്ചത്. എക്സൈഡ് ബാറ്ററികള്‍ ഉപയോഗിക്കുന്ന മോഡലുകളുടെ പരീക്ഷണം പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് തിരിച്ചറിഞ്ഞതോടെയായിരുന്നു തന്ത്രപരമായ നീക്കം. പുതിയ കോംപാക്ട് ഇലക്ട്രിക് എസ്യുവി HE1i എന്ന കോഡ് നെയിമിലാണ് കമ്പനിക്കുള്ളില്‍ അറിയപ്പെടുന്നത്. രാജ്യാന്തര വിപണിയിലുള്ള ഇന്‍സ്റ്റര്‍ ഇവിയില്‍ ഉപയോഗിക്കുന്ന ഇ ജിഎംപി കെ പ്ലാറ്റ്ഫോമിലാണ് ഈ വാഹനവും നിര്‍മിക്കുക. സ്റ്റാന്‍ഡേഡ് റേഞ്ച്, ലോങ് റേഞ്ച് എന്നിങ്ങനെ രണ്ടു പതിപ്പുകളില്‍ വാഹനം ലഭ്യമാകും. എന്നാല്‍ വാഹനത്തിന്റെ റേഞ്ചും മറ്റു വിശദാംശങ്ങളും കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. രാജ്യാന്തര വിപണിയിലുള്ള ഇന്‍സ്റ്റര്‍ ഇവിയില്‍ 42kWh, 49kWh ബാറ്ററി ഓപ്ഷനുകളാണുള്ളത്. 355 കിലോമീറ്റര്‍ വരെയാണ് റേഞ്ച്. പുതിയ കോംപാക്ട് എസ് യുവിയില്‍ പ്ലെയോസ് കണക്ട് അടക്കമുള്ള പുതുതലമുറ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളും ഉള്‍പ്പെടുത്തും. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂര്‍ പ്ലാന്റില്‍ നിര്‍മിക്കുന്ന ഈ ഹ്യുണ്ടേയ് ഇവി വിപണിയിലെത്തിയാല്‍ ടാറ്റ നെക്സോണ്‍ ഇവി, മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ ഇവി, കിയ സിറോസ് ഇവി എന്നിവയോടാവും മത്സരിക്കുക.
Sports ⏭️


