BUSINESS
പിഎം സൂര്യ ഘർ: പുരപ്പുറ സോളർ സബ്സിഡി പദ്ധതി 4 മാസത്തേക്ക് നീട്ടും? 80 ലക്ഷം കടന്ന് അപേക്ഷകർ, രണ്ടാം പതിപ്പും വരും

ന്യൂഡൽഹി∙ പിഎം സൂര്യ ഘർ പുരപ്പുറ സോളർ സബ്സിഡി പദ്ധതിയുടെ കാലാവധി കേന്ദ്രസർക്കാർ നീട്ടാൻ സാധ്യത. പരമാവധി 78,000 രൂപവരെ സബ്സിഡി കിട്ടുന്ന നിലവിലെ പദ്ധതിയുടെ കാലാവധി 2027 മാർച്ച് 31 വരെയാണ്. ഇതിനകം പദ്ധതിയിൽ ചേരാൻ താൽപ്പര്യമറിയിച്ചത് 80.79 ലക്ഷം കുടുംബങ്ങൾ. ഇതിൽ 55.43 ലക്ഷം വീടുകളിൽ പുരപ്പുറ സോളർ സ്ഥാപിച്ചു. ഒരുകോടി വീടുകളാണ് മാർച്ചിനകം ലക്ഷ്യം. എന്നാൽ, 90 ലക്ഷം വീടുകളിലെങ്കിലും സോളർ സംവിധാനം സ്ഥാപിക്കാനാകുമെന്നാണ് കേന്ദ്രം കരുതുന്നത്. ഈ ലക്ഷ്യം കാണാൻ കാലാവധി നീട്ടേണ്ടിവന്നാൽ പരിഗണിക്കുമെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന സൂചന. മൂന്നോ നാലോ മാസത്തേക്ക് കൂടിയാകും പദ്ധതി നീട്ടുക.കഴിഞ്ഞ ഒക്ടോബറിലെ കണക്കെടുത്താൽ പ്രതിദിനം ശരാശരി 5000 വീടുകളിലാണ് പദ്ധതിപ്രകാരം സോളർ പാനലുകൾ സ്ഥാപിച്ചിരുന്നത്. ഈ വർഷം ജൂലൈ ആയപ്പോഴേക്കും പ്രതിദിന ശരാശരി 16,300 കടന്നു. തമിഴ്നാടും ഡൽഹിയുമടക്കം ഒട്ടേറെ സംസ്ഥാനങ്ങൾ പിഎം സൂര്യ ഘർ പദ്ധതിയുടെ സ്വീകാര്യത വർധിപ്പിക്കാൻ സ്വന്തം നിലയ്ക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. കേന്ദ്രം നൽകുന്ന പരമാവധി സബ്സിഡി 78,000 രൂപയാണെങ്കിൽ തമിഴ്നാട് അത് ഒരുലക്ഷം രൂപയാക്കി. പ്രതിമാസം 400 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് സോളർ പാനൽ സൗജന്യമായി നൽകുമെന്നാണ് ഡൽഹി സർക്കാരിന്റെ പ്രഖ്യാപനം. നിലവിൽ ഒരു കിലോവാട്ട് സോളർ സിസ്റ്റം വയ്ക്കുന്നവർക്ക് 30,000 രൂപവരെ സബ്സിഡിയാണ് കേന്ദ്രം നൽകുന്നത്. 2 കിലോവാട്ടിന് 60,000 രൂപവരെ. 3 കിലോവാട്ടിന് പരമാവധി 78,000 രൂപ. പിഎം സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജനയുടെ രണ്ടാംഘട്ടം (2.0) കേന്ദ്രസർക്കാർ അടുത്ത സാമ്പത്തിക വർഷത്തോടെ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.ഉപഭോക്താക്കൾക്ക് കൂടുതൽ വായ്പാ സൗകര്യം, ദീർഘകാല സർവീസ്, പുരപ്പുറം പങ്കുവയ്ക്കൽ (റൂഫ്ടോപ് ഷെയറിങ്), മികച്ച ബാറ്ററി സ്റ്റോറേജ് തുടങ്ങിയ സൗകര്യങ്ങൾ ആയിരിക്കും 2.0ൽ പ്രതീക്ഷിക്കുന്നത്. അനുയോജ്യമായ മേൽക്കൂര ഇല്ലാത്ത വീടുകൾക്ക് സമീപത്തെ വീടിന്റെ മേൽക്കൂരയിൽ സ്ഥാപിക്കുന്ന സോളർ വഴി വൈദ്യുതി ഉപയോഗിക്കാവുന്ന സൗകര്യം 2.0ന്റെ ആകർഷണമായിരിക്കും.ഇന്ത്യയിൽ ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് നിലവിൽ പിഎം സൂര്യ ഘർ പുരപ്പുറ സോളർ സ്ഥാപനത്തിൽ ഏറ്റവും മുന്നിലുള്ളത്. ഗുജറാത്തിൽ നിന്ന് 12.10 ലക്ഷം അപേക്ഷകരുണ്ട്. 11.72 ലക്ഷം വീടുകളിൽ പദ്ധതി സ്ഥാപിച്ചു. ഇവർ ആകെ 6030.3 കോടി രൂപ സബ്സിഡിയും നേടി. മഹാരാഷ്ട്രയിൽ അപേക്ഷകർ 15.12 ലക്ഷം. 11.97 വീടുകളിൽ പുരപ്പുറ സോളർ സ്ഥാപിച്ചു. ഇവർ നേടിയ സബ്സിഡി 5492.85 കോടി രൂപ. ഉത്തർ പ്രദേശിൽ അപേക്ഷകർ12.26 ലക്ഷം. 8.11 ലക്ഷം വീടുകളിൽ പദ്ധതിയെത്തി. നേടിയ സബ്സിഡി 5276.88 കോടി രൂപ.നാലാംസ്ഥാനത്തുള്ള കേരളം ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. 4.43 ലക്ഷമാണ് കേരളത്തിലെ അപേക്ഷകർ. 3.45 ലക്ഷം വീടുകളിൽ പദ്ധതി സ്ഥാപിച്ചതിലൂടെ 1313.03 മെഗാവാട്ട് സ്ഥാപിതശേഷി കൈവരിച്ചു. സബ്സിഡി നേടിയത് 2248.54 കോടി രൂപ. ആന്ധ്രയിൽ 3.69 ലക്ഷം വീടുകളിൽ പദ്ധതിയുണ്ടെങ്കിലും സ്ഥാപിതശേഷി 1046.81 മെഗാവാട്ടാണ്. സബ്സിഡി നേട്ടം 1897.09 കോടി രൂപ.
Travel ⏭️


