SPORTS
അവസാന ഓവറിൽ തൃശൂർ ‘പൂരം’! ജയിക്കാൻ 15 റൺസ്: 2 സിക്സും ഒരു ഫോറുമായി ആനന്ദിന്റെ വെടിക്കെട്ട്; തൃശൂർ ടൈറ്റൻസ് ഫൈനലിൽ

തിരുവനന്തപുരം ∙ ആവേശം അവസാന ഓവർ വരെ നീണ്ട സെമിഫൈനൽ പോരാട്ടത്തിൽ ട്രിവാൻഡ്രം റോയൽസിനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി തൃശൂർ ടൈറ്റൻസ് കെഎസിഎൽ ഫൈനലിൽ. ട്രിവാൻഡ്രം ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം 19.5 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് തൃശൂർ മറികടന്നത്. അവസാന ഓവറിൽ വിജയത്തിലേക്ക് 15 റൺസ് വേണമെന്നിരിക്കെ രണ്ടു സിക്സും ഒരു ഫോറും പായിച്ച് ആനന്ദ് ജോസഫ് (3 പന്തിൽ 16*) ആണ് തൃശൂരിനെ വിജയത്തിലെത്തിച്ചത്. മൂന്നു വിക്കറ്റ് വീഴ്ത്തി, തൃശൂരിന്റെ മുൻനിരയെ തകർത്ത രാഹുൻ ചന്ദ്രന് പക്ഷേ അവസാന ഓവറിൽ അടിതെറ്റുകയായിരുന്നു. അഹമ്മദ് ഇമ്രാൻ (35 പന്തിൽ 43) ആണ് തൃശൂരിന്റെ ടോപ് സ്കോറർ. ഫൈനലിൽ ആലപ്പി– കാലിക്കറ്റ് സെമിഫൈനൽ മത്സരത്തിലെ വിജയിയെ തൃശൂർ നേരിടും. അബ്ദുൾ എറിഞ്ഞ ഇന്നിങ്സിലെ അവസാന ഓവറിലെ മൂന്നാം പന്ത് സിക്സറിന് പറത്തിയാണ് അക്ഷയ് അർധസെഞ്ചറി പൂർത്തിയാക്കിയത്. വെറും 25 പന്തുകളിൽ നിന്നായിരുന്നു താരത്തിന്റെ ഫിഫ്റ്റി. മൂന്ന് പടുകൂറ്റൻ സിക്സറുകളും നാല് ബൗണ്ടറികളും ഉൾപ്പെട്ട ഈ മിന്നുന്ന ഇന്നിങ്സ് സീസണിലെ അക്ഷയുടെ രണ്ടാമത്തെ അർധസെഞ്ചറി കൂടിയാണ്. അക്ഷയ്ക്ക് മികച്ച പിന്തുണ നൽകിയ നിഖിൽ എം. 15 പന്തിൽ രണ്ട് വീതം സിക്സും ഫോറുമടക്കം 28 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് അവസാന രണ്ട് ഓവറിൽ മാത്രം നേടിയത് 36 റൺസാണ്. ഒരു സിക്സും മൂന്ന് ഫോറുമടക്കം 28 റൺസെടുത്ത അഭിഷേകും സ്കോർ ബോർഡിലേക്ക് നിർണായക സംഭാവന നൽകി. തൃശൂർ ടൈറ്റൻസിനായി പന്തെറിഞ്ഞ ആനന്ദ് ജോസഫും ബിജു നാരായണനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
Auto ⏭️


