NEWS
പ്രതിക്ക് പ്രായപൂർത്തിയായില്ല; 21 വർഷം പഴയ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി ∙ കുറ്റകൃത്യം നടന്ന സമയത്തു പ്രതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നു തെളിഞ്ഞതിനെ തുടർന്ന് 21 വർഷം പഴക്കമുള്ള കേസിലെ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ഗുരുതരമായ അനീതിക്കു കാരണമാകുന്ന പിഴവ് തിരുത്തുന്നതിന് വിധി പിൻവലിക്കാൻ സുപ്രീം കോടതി ഹൈക്കോടതിയോട് നിർദേശിച്ചു. ഇതിനായി ഹൈക്കോടതികൾക്കുള്ള അധികാരം ഉപയോഗപ്പെടുത്താനും ആവശ്യപ്പെട്ടു.മധ്യപ്രദേശിലെ മൊറേനയിൽ 2004 സെപ്റ്റംബർ 13ന് ഭൂരിയെന്ന സ്ത്രീയും കുഞ്ഞും റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് കേസ്. ഭർത്താവ്, ബന്ധുക്കൾ തുടങ്ങിയവർക്കെതിരെ കൊലപാതകം, സ്ത്രീധനപീഡനം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ കേസെടുത്തു. ഭൂരിയുടെ ഭർതൃസഹോദരനായ മഹാവീർ ഉൾപ്പെടെയുള്ള പ്രതികളെ കൊലപാതക, സ്ത്രീധനമരണ കുറ്റങ്ങളിൽ വിചാരണക്കോടതി വിട്ടയച്ചു. അതേസമയം, തെളിവ് നശിപ്പിച്ചതിനു 3 വർഷത്തെ കഠിനതടവ് വിധിച്ചു. 2017 ൽ ഹൈക്കോടതി ശിക്ഷ ശരിവച്ചു. അപ്പീൽ സുപ്രീം കോടതി തള്ളുകയും ചെയ്തു. എന്നാൽ, കുറ്റകൃത്യം നടന്ന ദിവസം തനിക്കു 17 വയസ്സും 2 മാസവുമായിരുന്നു എന്ന അവകാശവാദവുമായി മഹാവീർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. പുനഃപരിശോധന സാധ്യമല്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. സ്കൂൾ രേഖകളും ജനന സർട്ടിഫിക്കറ്റും പരിശോധിച്ച മൊറേന ജുവനൈൽ ജസ്റ്റിസ് ബോർഡ് മഹാവീറിനു പ്രായപൂർത്തിയായിരുന്നില്ലെന്ന് സ്‌ഥിരീകരിച്ചു. സാങ്കേതികത്വം പറഞ്ഞ് ഒരാൾ ശിക്ഷിക്കപ്പെടരുതെന്നു നിരീക്ഷിച്ചാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
Fashion ⏭️


