NEWS

മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി കോഴിക്കോടിനെ തുറമുഖ നഗരമാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ


കോഴിക്കോട് ∙ മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി കോഴിക്കോടിനെ തുറമുഖ നഗരമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ബജറ്റിൽ പ്രഖ്യാപിച്ച കോഴിക്കോട് ലൈറ്റ് മെട്രോയുടെ പഠനങ്ങൾ പുരോഗമിക്കുകയാണ്. അത് പൂർത്തിയാകുന്ന മുറയ്ക്ക് കാലതാമസമില്ലാതെ പദ്ധതി നടപ്പാക്കും. കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വി.കെ.ഫൈസൽ ബാബു എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഫ്യൂച്ചർ കാലിക്കറ്റ് 360’ വികസന കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോഴിക്കോട്ടെ തുറമുഖങ്ങളെല്ലാം വികസിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ലോജിസ്റ്റിക്‌സ്, കണ്ടെയ്‌നർ ഫെലിസിറ്റേഷൻ സെന്റർ, ട്രാൻസ്ഷിപ്മെന്റ് ഉൾപ്പെടെയുള്ള നിരവധി തൊഴിൽ സാധ്യതയുള്ള പദ്ധതികൾ തുറമുഖങ്ങളോടനുബന്ധിച്ച് ആരംഭിക്കും. തുറമുഖങ്ങളുടെ വികസനം നഗരത്തിന്റെ കൂടി വികസനമാക്കി മാറ്റും. സ്ഥലം ലഭ്യമായാൽ കോഴിക്കോട്ട് ക്രൂസ് ടെർമിനൽ യാഥാർഥ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാല് രാജ്യാന്തര വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള ഏവിയേഷൻ ഹബുകളിൽ കോഴിക്കോടിന് പ്രാധാന്യമുണ്ടാകും. കോഴിക്കോട് നഗരത്തിൽനിന്ന് വിമാനത്താവളത്തിൽ എത്താൻ പുതിയ സംവിധാനമൊരുക്കും. വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള വികസന പദ്ധതികളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


Fashion ⏭️

Back to top button