BUSINESS
പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി യുഎഇ; കേരളത്തിലെ വിലയുമായി വ്യത്യാസമെന്ത്?

അബുദാബി∙ യുഎഇയിൽ പെട്രോളിനും ഡീസലിനും വില വീണ്ടും കൂട്ടി. പുതിയ നിരക്കുകൾ ഇന്നു പ്രാബല്യത്തിൽ വരും. വാഹന ടാങ്കിന്റെ വലുപ്പമനുസരിച്ച് ഫുൾ ടാങ്കിന് 10.2 ദിർഹം (ഏകദേശം 264 രൂപ) മുതൽ 14.8 ദിർഹം (384 രൂപ) വരെ ഉപഭോക്താക്കൾക്ക് അധികം ചെലവാകും.പുതിയ നിരക്കുപ്രകാരം സൂപ്പർ98 ലീറ്ററിന് 3.80 ദിർഹവും (98.46 രൂപ) സ്പെഷ്യൽ95 ലീറ്ററിന് 3.69 ദിർഹവും (95.61 രൂപ) ഇ-പ്ലസ് 91 ലീറ്ററിന് 3.61 ദിർഹവുമാണ് (93.54 രൂപ) വില. ഡീസൽ വിലയിൽ വലിയ വർധനയാണുണ്ടായത്. ഓഗസ്റ്റിൽ 3.80 ദിർഹമായിരുന്ന (98.46 രൂപ) വില ഇപ്പോൾ ലീറ്ററിന് 4.30 ദിർഹമായി (111.41 രൂപ) ഉയർന്നു. ജൂലൈയിൽ നേരിയതോതിൽ കുറഞ്ഞ ഇന്ധനവില ഓഗസ്റ്റിൽ വീണ്ടും ഉയർന്നിരുന്നു. ആഗോള എണ്ണവിലയുടെ ശരാശരിയും വിതരണക്കമ്പനികളുടെ പ്രവർത്തനച്ചെലവും കണക്കിലെടുത്താണ് യുഎഇയിൽ എല്ലാ മാസവും ഇന്ധനവില നിശ്ചയിക്കുന്നത്. കേരളത്തിൽ പെട്രോൾ ലീറ്ററിന് 115.49 രൂപയും ഡീസലിന് 104.40 രൂപയുമാണ് വില (തിരുവനന്തപുരം).
Travel ⏭️


