NEWS

ഹലോ, ജിയോ; ദലാൽ സ്ട്രീറ്റിലേക്ക് ജിയോ; ഒൗദ്യോഗിക പ്രഖ്യാപനം, വളർച്ചയ്ക്ക് വേഗമേറും, ലാഭം കുതിക്കും


മുംബൈ ∙ ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് (പ്രഥമ ഓഹരി വിൽപന) ജിയോ ആസ്ഥാനം ഒരുങ്ങി. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നെത്തിയ വൻ മാധ്യമസംഘത്തിനു മുന്നിൽ ജിയോ മാനേജിങ് ഡയറക്ടർ ആകാശ് അംബാനി, ഡയറക്ടറും സഹോദരിയുമായ ഇഷ അംബാനി എന്നിവർ ജിയോ പ്ലാറ്റ്ഫോംസിന്റെ പ്രഥമ ഓഹരി വിൽപന സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം നടത്തി.  മാതാപിതാക്കളായ വ്യവസായ പ്രമുഖർ മുകേഷ് അംബാനിയും നിത അംബാനിയും വഴിമാറി നിന്ന വേദിയിൽ മക്കൾ നടത്തിയ വാർത്താസമ്മേളനം റിലയൻസ് കുടുംബത്തിൽ പുതുതലമുറ ആധിപത്യം ഉറപ്പിക്കുന്നതിന്റെ പ്രഖ്യാപനവുമായി. ഇന്ത്യൻ വ്യവസായ, നിക്ഷേപ രംഗത്ത് പുതുചരിത്രമെഴുതുന്ന പ്രഖ്യാപനത്തിനായി നവിമുംബൈയിലെ ജിയോ ആസ്ഥാനം അണിയിച്ചൊരുക്കിയിരുന്നു. ഗുജറാത്തിലെ ജാംനഗറിൽ അംബാനി കുടുംബത്തിനുള്ള വൻതാര വന്യജീവി സംരക്ഷണകേന്ദ്രത്തിൽ നിന്ന് കുതിരകളെ എത്തിച്ചാണ് അതിഥികളെ സ്വീകരിച്ചത്. രണ്ടു പതിറ്റാണ്ടിനിടെ റിലയൻസ് ഗ്രൂപ്പിൽ നിന്നുള്ള ആദ്യത്തെ ഐപിഒ ആണിത്. 28ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും. അതോടെ, രാജ്യത്തെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് കമ്പനികളുടെ പട്ടികയിൽ ജിയോ ഇടംപിടിക്കും; കമ്പനിയുടെ വിപണിമൂല്യം 10.3 ലക്ഷം കോടിയാകും. 16.55 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം. 21 മുതൽ 23 വരെയാണ് ഐപിഒ. 30,188 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം. ഓഹരി ഒന്നിന് 1065 രൂപ മുതൽ 1119 രൂപ വരെയാണ് പ്രൈസ് ബ്രാൻഡ്. വളർച്ചാവേഗമേറും, അറ്റാദായം കൂടും കൊച്ചി ∙ ഐപിഒ വഴി സമാഹരിക്കുന്ന തുകയിൽ നിന്ന് 27,500കോടി രൂപ കടം തിരിച്ചടവിന് ഉപയോഗിക്കുന്നതുവഴി റിലയൻസ് ജിയോ ഇൻഫോകോമിന്റെ ബാലൻസ് ഷീറ്റിലുണ്ടാകുക വലിയ മാറ്റം. കമ്പനിയുടെ ഭാവി വികസനത്തിന്റെ വേഗം കൂട്ടാനും സാമ്പത്തിക അടിത്തറ കൂടുതൽ ഭദ്രമാക്കാനും ഈ നീക്കം സഹായിക്കും. ഇത്രയും വലിയ തുക കടം തിരിച്ചടവിന് ഉപയോഗിക്കുമെന്ന് സെബിക്കു സമർപ്പിച്ച കരടുരേഖയിലാണു വ്യക്തമാക്കുന്നത്. നേട്ടങ്ങൾ ഇവ ഇന്ത്യയിലെ മുൻനിര കോർപറേറ്റ് വായ്പകളുടെ ശരാശരി പലിശനിരക്ക് 7.5 മുതൽ 8.5ശതമാനം വരെയാണ്. ഈ പലിശനിരക്കുവച്ചുനോക്കിയാൽ പ്രതിവർഷം 2330 കോടിയോളം രൂപ പലിശയിനത്തിൽ കമ്പനിക്കു ലാഭിക്കാം.  പ്രവർത്തനച്ചെലവു കുറയുന്നത് കമ്പനിയുടെ അറ്റാദായവും പ്രതിഓഹരി വരുമാനവും വർധിപ്പിക്കും. കടം കുറയുന്നതിനൊപ്പം ഐപിഒ വഴി പുതിയ മൂലധനം കമ്പനിയിലേക്ക് എത്തുന്നതോടെ ഡെറ്റ് –ഇക്വിറ്റി അനുപാതം വളരെ സുരക്ഷിതമാകും. കമ്പനിയുടെ ക്രെഡിറ്റ് റേറ്റിങ് ഉയരും. കുറഞ്ഞ പലിശയിൽ ധനസമാഹരണം എളുപ്പമാക്കും.


Fashion ⏭️

Back to top button