BUSINESS
മത്സരത്തെ ഭയമില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസ്; സ്റ്റാർലിങ്കിനും സ്വാഗതം, ചട്ടം എല്ലാവർക്കും ഒരുപോലെ

സ്റ്റാർലിങ്കുമായി ബന്ധപ്പെട്ട വിവാദത്തിൽ ആദ്യ പ്രതികരണവുമായി റിലയൻസ് ഇൻഡസ്ട്രീസ്. സ്വദേശി, വിദേശി കമ്പനികൾക്കെല്ലാം ഇന്ത്യയിൽ ചട്ടം ഒരുപോലെയാണെന്നും വിപണിയിലെ മത്സരത്തെ ഒരിക്കലും ഭയന്നിട്ടില്ലെന്നും റിലയൻസ് ഇൻഡസ്ട്രീസ് എക്സിൽ വ്യക്തമാക്കി. സ്റ്റാർലിങ്കിന് ഇന്ത്യയിൽ ലൈസൻസ് കിട്ടാത്തതിനു കാരണം മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ കുത്തക മനോഭാവവും കേന്ദ്രവുമായുള്ള അടപ്പവുമാണെന്ന് യുഎസ് ശതകോടീശ്വരൻ ഇലോൺ മസ്ക് വിമർശിച്ചിരുന്നു. മസ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് കമ്പനിയാണ് സ്റ്റാർലിങ്ക്. ജിയോയുടെ സാറ്റലൈറ്റ് സേവനങ്ങളും ഇന്ത്യയിൽ അനുമതിക്കായി കാത്തുനിൽക്കുകയാണെന്ന് പറഞ്ഞ റിലയൻസ്, സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകുന്നതാര് എന്നാണ് നോക്കുന്നത്. ഒറ്റ ഉപഭോക്താവുപോലുമില്ലാതെ 2016ൽ ജിയോയും പുതിയ കമ്പനിയായാണ് ഇന്ത്യയിലെ തിരക്കേറിയ ടെലികോം വിപണിയിലേക്കു വന്നത്. 10 വർഷത്തിനകം 53 കോടി ഉപഭോക്താക്കളെ ജിയോ നേടി. ഏറ്റവും മികച്ച ഡിജിറ്റൽ സൗകര്യങ്ങളും ലോകത്തെ ഏറ്റവും കുറഞ്ഞവിലയിൽ ഡേറ്റ സേവനവും നൽകിയാണത്. ‘‘സാറ്റലൈറ്റ് കമ്യൂണിക്കേഷൻ രംഗത്ത് മത്സരത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സ്റ്റാർലിങ്കിനും സ്വാഗതം. ജിയോയും മറ്റുള്ളവരും ഇന്ത്യയുടെ നിയമത്തിനും നയങ്ങൾക്കും അനുസരിച്ചുതന്നെയാകണം പ്രവർത്തിക്കേണ്ടത്’’ – റിലയൻസ് ഇൻഡസ്ട്രീസ് വ്യക്തമാക്കി. നേരത്തേ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയവും മസ്കിന്റെ ആരോപണങ്ങളെ തള്ളിയിരുന്നു. ലൈസൻസ് വിതരണത്തിൽ ഒരു കമ്പനിയോടും ചായ്വോ എതിർപ്പോ ഇല്ല. നിയമം എല്ലാവർക്കും ഒരുപോലെയാണ്. മൂന്നു കമ്പനികൾ അനുമതി നേടുന്നതിന്റെ നടപടിക്രമങ്ങളിലാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Travel ⏭️




