NEWS

‘സ്ത്രീകൾ കഴിവ് തെളിയിച്ചവർ’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന പൊതുസമൂഹത്തിന് സ്വീകാര്യമല്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ബിന്ദു കൃഷ്ണ, കാന്തപുരം അബൂബക്കർ മുസ്ലിയാർ

തിരുവനന്തപുരം: കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ വിമർശനവുമായി വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സ്ത്രീകൾ പുറത്തിറങ്ങരുതെന്ന കാന്തപുരത്തിന്റെ ആഹ്വാനം ഇന്നത്തെ കാലഘട്ടത്തിൽ പൊതുസമൂഹത്തിന് ഒട്ടും സ്വീകാര്യമായ നിലപാടല്ലെന്ന് മന്ത്രി വിമർശിച്ചു.

മന്ത്രി ബിന്ദു കൃഷ്ണയുടെ വാക്കുകൾ

‘ലിംഗഭേദമന്യേ എല്ലാമനുഷ്യരെയും സമന്മാരായി കാണുന്ന ലിംഗനീതിയുള്ള ഒരു രാജ്യമാണ് ഇന്ത്യ. നമ്മുടെ പെൺകുട്ടികൾ എത്ര മിടുക്കികളും സമർത്ഥരുമായി മത്സരപരീക്ഷകൾ വിജയിച്ച് അവരവരുടെ അഭിരുചികൾക്കനുസരിച്ച് വ്യത്യസ്ത മേഖലകളിൽ കഴിവുതെളിയിച്ചവരാണ്. ജനാധിപത്യഭരണത്തിൽ മികച്ച ഭരണാധികാരികളായി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ രാജ്യത്തിന്റെ ഉന്നത പദവികളിൽ വരെ സ്ത്രീകൾ ഇന്ന് മികച്ച ഭരണം കാഴ്ചവയ്ക്കുന്നുണ്ട്.

ഉരുണ്ടകാലഘട്ടത്തിലെ പ്രതിസന്ധികളോട് പോരാടിയാണ് സ്ത്രീകൾ മുഖ്യധാരയിലേക്ക് എത്തിയത്. രാജ്യത്തിനായി മെഡലുകൾ വാരിക്കൂട്ടി അഭിമാനസ്തംഭങ്ങളാകാൻ സ്ത്രീകൾക്ക് സാധിക്കുന്നുണ്ട്. കേരളത്തിലെ പൊതുസമൂഹവും സർക്കാരും അത്തരം സ്ത്രീ മുന്നേറ്റങ്ങൾക്ക് ഒപ്പമാണ്. ഇനിയും പെൺകുട്ടികൾ മുന്നോട്ടുവരേണ്ടതുണ്ട് അതിനുള്ള എല്ലാ പിന്തുണയും സർക്കാർ നൽകും.

സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ട്. അഭിമാനബോധത്തോടുകൂടി ജീവിക്കാനുള്ള അവകാശമുണ്ട്. അതാണ് സ്ത്രീയെന്ന നിലയിൽ എന്റെ നിലപാട്. സർക്കാരിൽ മാത്രമല്ല സംസ്ഥാനത്തുടനീളം എത്ര പ്രഗത്ഭരായ സ്ത്രീ ഭരണാധികാരികളുണ്ട്. അവരാരും പുറത്തേക്ക് ഇറങ്ങരുതെന്ന് പറയുന്നത് ഇന്നത്തെ കാലഘട്ടത്തിൽ പൊതുസമൂഹത്തിന് ഒട്ടും സ്വീകാര്യമായ നിലപാടല്ല.’

അതേസമയം, സ്ത്രീസ്വാതന്ത്യത്തിന് എതിരെയുള്ള തന്റെ നിലപാടിൽ ഉറച്ചുനിർക്കുന്നതായി കാന്തപുരം വ്യക്തമാക്കി. സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നും ആ അപകടം ഒഴിവാക്കാനാണ് ഇസ്ലാം മതം പർദ സമ്പ്രദായം നിശ്ചയിച്ചതെന്നും കാന്തപുരം ആവർത്തിച്ചു. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്നും ഇസ്ലാം മതത്തെക്കുറിച്ച് വിപുലമായും ആഴത്തിലും പഠിച്ച വ്യക്തിയെന്ന നിലയിൽ മുസ്ലീം സമുദായ കാര്യങ്ങളിൽ സംസാരിക്കാനും നിലപാടുകൾ വ്യക്തമാക്കാനും തനിയ്ക്ക് പൂർണ അധികാരമുണ്ടെന്നും കാന്തപുരം വ്യക്തമാക്കി.
RELATED TOPICS: BINDHU KRISHNA, KANTHAPURAM REMARKS ON WOMEN, KERALAM, UDF GOVERNMENT

Read News ⏭️

Back to top button