NEWS
ഫാമുകളിൽ ബ്രോയ്‌ലർ കോഴി വിൽപന അടുത്ത കാലത്തെ ഏറ്റവും കുറഞ്ഞ വിലയിൽ; കോഴിക്കടകളിൽ പഴയ വില

പെരിന്തൽമണ്ണ ∙ ഫാമുകളിൽ ബ്രോയ്‌ലർ കോഴി വിൽപന അടുത്ത കാലത്തെ ഏറ്റവും കുറഞ്ഞ വിലയിൽ. അതേസമയം പൊതുവിപണിയിൽ ഈ വിലക്കുറവ് ലഭ്യമാകുന്നുമില്ല. കിലോഗ്രാമിന് 76 രൂപ നിരക്കിലാണ് ഇന്നലെ ജില്ലയിലെ കോഴിഫാമുകളിൽ വിൽപന നടത്തിയത്. എന്നാൽ പൊതുവിപണിയിൽ ഇന്നലെ കോഴിക്ക് 110 മുതൽ 130 രൂപ വരെയായിരുന്നു വില. ഇറച്ചിക്ക് കിലോഗ്രാമിന് 128 മുതൽ 160 രൂപ വരെയും വില ഈടാക്കി.അടുത്ത കാലത്തെ ഏറ്റവും കുറഞ്ഞ വിലയ്‌ക്കാണ് ഫാമുകളിലെ വിൽപനയെന്ന് കേരള പോൾട്രി ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. തമിഴ്‌നാട്ടിലെ വിൽപനക്കാർ വില കുറച്ചതാണ് വില കുറയാൻ കാരണം. സംസ്ഥാനത്ത് കോഴിഫാമുകളിൽ വലിയ തോതിൽ കോഴികളുള്ളതും വില കുറയ്ക്കാൻ കാരണമായി. കേരളത്തിലെ കോഴിഫാമുകളെ തളർത്താൻ അന്യ സംസ്ഥാന സംഘങ്ങൾ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് വിലക്കുറവെന്ന് കർഷകർ പറയുന്നു. കേരളത്തിലെ ഫാമുകളിൽ വലിയതോതിൽ സ്റ്റോക്കുള്ള സന്ദർഭങ്ങളിൽ അന്യസംസ്ഥാന ലോബി വില കുറയ്‌ക്കുകയാണു പതിവ്. ഇവിടെ സ്‌റ്റോക്ക് കുറവുള്ള ഘട്ടങ്ങളിൽ വില വർധിപ്പിക്കുകയും ചെയ്യും.
Fashion ⏭️


