‘എൽഡിഎഫിനുള്ളിൽ സിപിഐ നിൽക്കുന്നത് പൊരിവെയിലത്ത്, യുഡിഎഫിലേക്ക് അവരെ ക്ഷണിച്ചിട്ടില്ല’- പിഎംഎ സലാം

പിഎംഎ സലാം
കോഴിക്കോട്: സിപിഐയെ പിന്തുണച്ച് മുസ്ലിം ലീഗ് ദേശീയ ഉപാദ്ധ്യക്ഷൻ കെപിഎ മജീദ് ചന്ദ്രികയിൽ എഴുതിയ ലേഖനത്തിൽ പ്രതികരണവുമായി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ഇടതുമുന്നണിയിൽ സിപിഐ അനുഭവിക്കുന്ന അവഗണനയാണ് ലേഖനത്തിൽ ഉള്ളതെന്നും തങ്ങളുടെ അഭിപ്രായത്തിൽ എൽഡിഎഫിനുള്ളിൽ സിപിഐ നിൽക്കുന്നത് പൊരിവെയിലത്താണെന്നും സലാം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചന്ദ്രികയിലെ ലേഖനം ഏതെങ്കിലും പാർട്ടിയെ ക്ഷണിക്കുന്നതല്ലെന്നും ‘ക്ഷണം’ എന്ന വാക്ക് ലേഖനത്തിൽ ഇല്ലെന്നും സലാം ചൂണ്ടിക്കാണിച്ചു. യുഡിഎഫിലേക്ക് സിപിഐയെ ക്ഷണിക്കേണ്ട ആവശ്യം ഇപ്പോൾ ഇല്ലെന്നും നിലവിൽ അത്തരത്തിലൊരു ചർച്ചയും നടക്കുന്നില്ലെന്നും സലാം പറഞ്ഞു. യുഡിഎഫിലേക്ക് ഒരു രാഷ്ട്രീയ പാർട്ടിയെയും തങ്ങളിപ്പോൾ ക്ഷണിച്ചിട്ടില്ലെന്നും സലാം വ്യക്തമാക്കി.
സമസ്ത തർക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും സലാം മറുപടി പറഞ്ഞു. മുസ്ലിം ലീഗും മതസംഘടനകളും തമ്മിൽ തർക്കമില്ലെന്നും മതസംഘടനകളുടെ കാര്യത്തിൽ ലീഗ് ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡ് പുന:സംഘടന നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഹൈക്കോടതി നൽകിയ അനുമതിപ്രകാരം സർക്കാർ അക്കാര്യം പരിശോധിച്ച് വേണ്ട തീരുമാനമെടുക്കുമെന്നും സലാം വ്യക്തമാക്കി.


