NEWS

ദീപാവലി സ്വീറ്റ്സ് ചോദിച്ച് ഫോളോവേഴ്സിന് സ്വന്തം വിലാസം നൽകി; കിട്ടിയത് ലക്ഷങ്ങളുടെ കാഷ് ഓൺ ഡെലിവറി സമ്മാനങ്ങൾ


മധുര ∙ ദീപാവലി സ്വീറ്റ്സ് അയച്ചുതരാനായി ഫോളോവേഴ്സിന് സ്വന്തം വിലാസം കൊടുത്ത മധുര സ്വദേശിയായ ഇൻഫ്ലുവൻസർ വീരമണിക്ക് കിട്ടിയത് വൻ പണി. വിലാസം നൽകിയതിന്റെ പിറ്റേന്നുമുതൽ വീരമണിയുടെ വീട്ടിലെ കോളിങ് ബെൽ ഒരു നിമിഷം വിശ്രമിച്ചിട്ടില്ല. വിവിധ സൈറ്റുകളിൽ നിന്ന് ചറപറാ ഡെലിവറി. ഫ്രിജ്, വാഷിങ് മെഷീൻ, ഫോൺ തുടങ്ങി 1.6 ലക്ഷം രൂപയുടെ ടിവി വരെ അക്കൂട്ടത്തിൽ എത്തി. സമ്മാനമല്ല, എല്ലാം കാഷ് ഓൺ ഡെലിവറി ഓർഡറുകൾ!ഞാനല്ല, എന്റെ ഓർഡർ ഇങ്ങനല്ല എന്നൊക്കെ വീരമണി പറഞ്ഞുനോക്കി. സഹികെട്ട് ചിലതൊക്കെ പണമടച്ച് വാങ്ങി. അരമണിക്കൂറിൽ 15ൽ അധികം ഓർഡർ വരാൻ തുടങ്ങിയതോടെ വീടുവിട്ട് ഓടിയാലോ എന്ന അവസ്ഥ. അരുതേ, എന്നെ സ്നേഹം കൊണ്ടു വീർപ്പുമുട്ടിക്കരുതേ എന്ന് ആരാധകരോട് അഭ്യർഥിച്ചു നോക്കി, എവിടെ കേൾക്കാൻ! ഫൂഡ് ഡെലിവറി ആപ്പുകളും വീടിനു ചുറ്റും കൂടിയിരിക്കുകയാണ്. ‘ടെൻഷൻ ആകുന്നെടാ, വെളിയിലെ തലൈ കാട്ട മുടിയലാ’ എന്ന് ആരാധകരോട് വീരമണി പറയുന്ന വിഡിയോയാണ് ഇപ്പോൾ ട്രെൻഡിങ്. ‘അണ്ണൻ കേരളത്തിലേക്ക് വാ, ഇവിടെ സേഫ് ആണ്’ എന്ന കമന്റുമായി വീരമണിയുടെ കേരള ഫാൻസും കമന്റ് ബോക്സിൽ ലൈവാണ്.


Fashion ⏭️

Back to top button