NEWS
എസ്ഐആർ അല്ല, കോൺഗ്രസിന്റെ തോൽവിക്കു കാരണം രാഹുൽ; 2029 ലും തോൽക്കും: വിമർശിച്ച് അമിത് ഷാ

ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിനു പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിലെ ഗാന്ധിനഗറിലും മറ്റു സ്ഥലങ്ങളിലും നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ തോൽവിക്കു കാരണം എസ്ഐആർ ആണോയെന്ന് അമിത് ഷാ ചോദിച്ചു. സ്വന്തം പരാജയങ്ങളെയും കോൺഗ്രസിന്റെ പരാജയങ്ങളെയും മറച്ചുവയ്ക്കാൻ രാഹുൽ ഗാന്ധി എസ്ഐആറിനെ ഉപയോഗിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാംതവണയും കോണ്‍ഗ്രസ് പരാജയപ്പെടുമെന്നും അമിത് ഷാ പറഞ്ഞു.എസ്ഐആർ നടപടിക്രമങ്ങൾ 2024 നു ശേഷമാണ് ആരംഭിച്ചത്. എന്നാൽ രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ പ്രവേശിച്ചതു മുതൽ കോൺഗ്രസ് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘‘രാഹുൽജിയോട് എനിക്കൊരു കാര്യം കൂടി ചോദിക്കാനുണ്ട്. ഇത് എസ്ഐആറിന്റെ ഫലമാണോ? ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജനപ്രീതി, എസ്ഐആർ എന്നു പറഞ്ഞ് താങ്കൾ തള്ളിക്കളയുകയാണ്. താങ്കൾ ആത്മപരിശോധന നടത്തണം’’ – അദ്ദേഹം പറഞ്ഞു.ചൊവ്വാഴ്ച ഇന്ത്യാ മുന്നണിയിലെ നേതാക്കൾക്കും വിദ്യാർഥി സംഘടനകൾക്കുമായി രാഹുൽ ഗാന്ധി ഒരു ചായ സൽക്കാരം സംഘടിപ്പിച്ചിരുന്നു. തുടർന്ന് വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് അമിത് ഷായുടെ വിമർശനം.
Fashion ⏭️




