‘തിയേറ്ററിലെ ശബ്‌ദം സിനിമയിലെ എ റേറ്റഡ് രംഗങ്ങളെക്കാൾ അസഹ്യം’; ടോക്‌സിക് കണ്ടതിന്റെ അനുഭവം പങ്കുവച്ച് സൗഭാഗ്യ

സൗഭാഗ്യ വെങ്കിടേഷ്
സിനിമാ തിയേറ്ററുകൾക്കുള്ളിൽ അനാവശ്യ ശബ്‌ദങ്ങളുണ്ടാക്കി കാണികളെ ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സൗഭാഗ്യ വെങ്കിടേഷ്. യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്‌ത ടോക്‌സിക് കാണുന്നതിനായി തിയേറ്ററിൽ പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചുകൊണ്ടായിരുന്നു സൗഭാഗ്യയുടെ വിമർശനം.
സിനിമ കാണുന്നതിനിടെ ചിലർ ഉച്ചത്തിൽ അശ്ലീല ശബ്ദങ്ങളുണ്ടാക്കിയും പ്രേക്ഷകരെ ബുദ്ധിമുട്ടിക്കുന്ന വിധത്തിൽ ഉച്ചത്തിൽ കമന്റടിച്ചും സിനിമാ കാഴ്‌ചയെ തടസപ്പെടുത്തിയെന്നാണ് സൗഭാഗ്യ പറയുന്നത്. ലൈംഗിക വൈകൃതമുള്ള ഗുണ്ടകളാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്നും അവരാണ് സിനിമാ തിയേറ്ററിനുള്ളിലെ അന്തരീക്ഷം നശിപ്പിക്കുന്നതെന്നും സൗഭാഗ്യ തുറന്നടിച്ചു. സിനിമയിലെ ഓരോ രംഗങ്ങൾ പ്രദർശിപ്പിക്കുമ്പോഴും ഇവർ അശ്ലീലമായ ശബ്‌ദങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നെന്നും സിനിമയിൽ എ റേറ്റഡ് എന്ന് പറയപ്പെടുന്ന രംഗങ്ങളെക്കാൾ അശ്ലീലവും അസഹ്യവുമായിരുന്നു അത്തരം ശബ്‌ദങ്ങളെന്നും സൗഭാഗ്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.
നിരവധി പേരാണ് സൗഭാഗ്യയെ പിന്തുണച്ച് രംഗത്തെത്തിയത്. പലരും സമാനമായ അനുഭവം തങ്ങൾക്കുമുണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞു. ഇത്തരത്തിൽ തിയേറ്ററുകൾക്കുള്ളിലെ അന്തരീക്ഷം മോശമാക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും പലരും അഭിപ്രായപ്പെടുന്നു.
English Summary
Soubhagya Venkitesh criticized moviegoers for making obscene noises and loud comments during Toxic, calling the behavior disturbing and unacceptable in theatres. Many viewers supported her and shared similar experiences.


