BUSINESS
സ്വർണത്തിൽ ജെൻസി ട്രെൻഡ് ഇത്; ഓണം മൂഡ് ‘ലൈറ്റ് വെയ്റ്റ്’; വില കൂടുമ്പോഴും വാങ്ങാൻ ഈ ‘തന്ത്രം’ മതി: എ.പി. അഹമ്മദ്

ഓണക്കാലത്ത് കേരളത്തിൽ സ്വർണവിപണിയിൽ ഏറ്റവും പ്രിയം ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്കെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി. അഹമ്മദ്. പുത്തൻ തലമുറയ്ക്ക്, പ്രത്യേകിച്ച് ജെൻസീകൾക്ക് ഇഷ്ടം അവരവരുടെ ഡ്രസ്സിന് മാച്ച് ആകുന്ന ആഭരണങ്ങളോടാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് വില വർധിച്ചെങ്കിലും സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ ഒട്ടും കുറവില്ലെന്നും എം.പി. അഹമ്മദ് പറഞ്ഞു. മനോരമ ഓൺലൈനുമായി അദ്ദേഹം ഓണവിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ∙ ഓണം അടുത്തപ്പോഴേക്കും സ്വർണവില കുതിച്ചുയരുന്നു. വിപണിയെ ഇതെങ്ങനെ ബാധിച്ചു? – സ്വർണവിപണി നല്ല ഉഷാറാണ്. ഓണക്കാലവും കല്യാണ സീസണുമാണിത്. ഗിഫ്റ്റിങ് ഒരുപാട് നടക്കുന്ന സമയമാണല്ലോ. അതിലാണ് ഞങ്ങളുടെ പ്രതീക്ഷയും. സ്വർണം വാങ്ങുന്നവരുടെ എണ്ണവും ബില്ലിങ് എണ്ണവും കൂടിയിട്ടുണ്ട്. വില കൂടുതലായതുകൊണ്ട് വാങ്ങുന്ന അളവ് കുറഞ്ഞിട്ടുണ്ട്.∙ ഏതുതരം ആഭരണങ്ങളോടാണ് ഇപ്പോൾ ആളുകൾക്ക് പ്രിയം? ജെൻസീയുടെ ഇഷ്ടമെന്താണ്? – ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്കാണ് ഇപ്പോൾ ഡിമാൻഡ് കൂടുതൽ. ജെൻസീക്ക് ഡ്രസ്സിനു മാച്ചാകുന്ന ആഭരണങ്ങളോടാണ് ഇഷ്ടക്കൂടുതൽ. ഓരോ ഫങ്ഷനുമനുസരിച്ചുള്ള ആഭരണവും ഡ്രസ്സും അവർക്കുവേണം. അതൊരു വലിയഘടകമായി മാറിക്കഴിഞ്ഞു. ∙ സ്വർണമാണോ വജ്രമാണോ പുതിയ തലമുറയ്ക്ക് താൽപ്പര്യം? – അവർക്ക് രണ്ടും ഇഷ്ടമാണ്. പുതിയതലമുറയ്ക്കിടയിൽ ‘വെസ്റ്റേൺ’ സ്വാധീനവും വന്നിട്ടുണ്ട്. അത് വസ്ത്രങ്ങളിലെന്ന പോലെ ആഭരണത്തിലും കാണാം. മലബാർ ഗോൾഡിന് 200ഓളം ഡിസൈനർമാരുണ്ട്. ഓണം പോലെ അതത് നാടിന്റെ ഓരോ സാംസ്കാരിക അവസരത്തിനും അനുയോജ്യമായ ഡിസൈനുകളിൽ ആഭരണങ്ങൾ ഒരുക്കാൻ ഞങ്ങളുടെ ഡിസൈൻ സ്റ്റുഡിയോയ്ക്ക് കഴിയുന്നുമുണ്ട്.∙ വില ഓരോ ദിവസവും വർധിക്കുന്നു. ഈ അവസരത്തിൽ എങ്ങനെ കുറഞ്ഞവിലയ്ക്ക് സ്വർണാഭരണം വാങ്ങാമെന്ന് ചോദിച്ചാൽ താങ്കൾ നൽകുന്ന ടിപ്പ് എന്തായിരിക്കും? – സ്വർണം ഒരിക്കലും വില കുറഞ്ഞ് കിട്ടില്ല. അല്ലെങ്കിൽ കൃത്രിമം കാണിക്കണം. 22 കാരറ്റിനെ അപേക്ഷിച്ച് വലിയ വിലക്കുറവുള്ള 18 കാരറ്റ്, 14 കാരറ്റ് തുടങ്ങിയ സ്വർണാഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ഗോൾഡ് സ്കീമിൽ ചേർന്നും കുറഞ്ഞചെലവിൽ സ്വർണം വാങ്ങാം. ഇടത്തരക്കാർക്ക് ഗുണം ചെയ്യുന്ന സൗകര്യമാണിത്. മലബാർ ഗോൾഡിൽ ലക്ഷക്കണക്കിന് പേരാണ് പദ്ധതി പ്രയോജനപ്പെടുത്തുന്നത്. ഇത്തരം പദ്ധതികളിൽ പണിക്കൂലിയിൽ ഉൾപ്പെടെ വലിയ ഇളവുകൾ നേടാം.∙ കേരളത്തിൽ ഒരുലക്ഷം കോടിയോളം രൂപയുടെ സ്വർണാഭരണ കച്ചവടം വർഷം നടക്കുന്നുണ്ടെന്നാണല്ലോ സർക്കാർ പറയുന്നത്. ഓണക്കാലത്തിന്റെ പങ്ക് ഇതിലെങ്ങനെയാണ്? – ഒരുലക്ഷം കോടിയൊന്നുമല്ല. കേരളത്തിൽ 2 ലക്ഷം കോടി രൂപയുടെ കച്ചവടമെങ്കിലും നടക്കുന്നുണ്ട്. മലബാർ ഗോൾഡിന് മാത്രം വിറ്റുവരവ് 12,000 കോടിയിലേറെ രൂപയാണ്. കേരളത്തിൽ 12,000ൽപ്പരം ജ്വല്ലറികളുമുണ്ട്. മൊത്തം വാർഷിക വിൽപനയുടെ 5-10 ശതമാനമാണ് ഓണക്കാല വിൽപന. നികുതിവെട്ടിച്ചുള്ള, സമാന്തര വിപണി കേരളത്തിൽ ശക്തമാണ്. അതിനെ ചെറുക്കാനും നിയമാനുസൃതം കച്ചവടം ചെയ്യുന്നവരെ സംരക്ഷിക്കാനും സർക്കാർ ശ്രമിക്കണം.∙ സംസ്ഥാനത്ത് ഈയിടെയായി വ്യാജ ഹോൾമാർക്ക് സ്വർണം പിടികൂടുന്നത് വർധിച്ചിട്ടുണ്ട്. ജനങ്ങൾക്ക് താങ്കൾ നൽകുന്ന മുന്നറിയിപ്പ് എന്തായിരിക്കും? – സ്വർണമെന്നത് ആഭരണം മാത്രമല്ല, നിക്ഷേപം കൂടിയാണ്. ലോകമെമ്പാടും മൂല്യമുള്ള ‘ഹാർഡ് കറൻസി’യാണ്. ജനങ്ങൾ സ്വർണം വാങ്ങുന്നതിൽ ഒരു കുറവും ഇതുവരെ ഉണ്ടായിട്ടുമില്ല. കടം വാങ്ങി സ്വർണം വാങ്ങാൻ ആരും ശ്രമിക്കരുത്. തട്ടിപ്പും വെട്ടിപ്പും നടക്കുന്നതിൽ ജാഗ്രതയും വേണം. ഡ്യൂപ്ലിക്കേറ്റ് സ്വർണവും വ്യാജ ഹോൾമാർക്കും ഇപ്പോൾ ധാരാളമുണ്ട്. അതൊക്കെ പെട്ടെന്ന് കണ്ടുപിടിക്കാൻ ഒറ്റമൂലിയൊന്നുമില്ല. ജനങ്ങൾ ജാഗ്രത പാലിക്കുകയാണ് വേണ്ടത്.
Travel ⏭️


