NEWS

അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം; വള്ളംകളിക്കു മുൻപേ വാക്കേറ്റം


ആലപ്പുഴ ∙ അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി ഇന്നലെ നെഹ്റു പവിലിയനിൽ വിളിച്ചുചേർത്ത വള്ളസമിതികളുടെയും ക്ലബ്ബുകളുടെയും യോഗം. നെഹ്‌റു ട്രോഫി വള്ളംകളിയുടെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ കെ.സി.വേണുഗോപാൽ എംപിയുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. വള്ളങ്ങളിൽ അതിഥിത്തൊഴിലാളികളായ തുഴച്ചിലുകാർ ആകെ തുഴച്ചിൽക്കാരുടെ 25 ശതമാനത്തിൽ കൂടുതലാകാൻ പാടില്ലെന്ന നെഹ്റു ട്രോഫി ചട്ടത്തെ ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്. 25% അതിഥിത്തുഴച്ചിലുകാർ വള്ളത്തിൽ കയറുന്ന തുഴച്ചിലുകാരാണോ അതോ ആകെ ടീമിലെ തുഴച്ചിലുകാരാണോ എന്നതാണ് പ്രധാനമായും ഉയർന്ന ചോദ്യം. പല ക്ലബ്ബുകളും ആകെ തുഴച്ചിലുകാരെ 25 ശതമാനത്തിൽ കുറച്ചാണ് നിയോഗിച്ചിട്ടുള്ളത്. എന്നാൽ ചില ക്ലബ്ബുകൾ വള്ളത്തിൽ കയറുന്ന തുഴച്ചിലുകാരുടെ 25 % പേരെയാണ് അതിഥിത്തുഴച്ചിലുകാരായി നിയോഗിച്ചിരിക്കുന്നത്. വിഷയം വലിയ തർക്കത്തിന് ഇടയാക്കിയതോടെ വള്ളത്തിൽ കയറുന്നവരിൽ അതിഥിത്തുഴച്ചിലുകാർ 25 ശതമാനത്തിൽ കൂടരുത് എന്ന് യോഗം തീരുമാനിച്ചു.


Fashion ⏭️

Back to top button