SPORTS
വമ്പൻ വിജയത്തിനു പിന്നാലെ പരീക്ഷണത്തിനൊരുങ്ങി ടീം ഇന്ത്യ, തിളങ്ങാത്ത കുൽദീപ് പുറത്തായേക്കും, 33 വയസ്സുകാരന് അരങ്ങേറ്റം?

കൊളംബോ∙ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഗംഭീര വിജയം നേടിയെങ്കിലും രണ്ടാം മത്സരത്തിനുള്ള പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾ കൊണ്ടുവരാനുറച്ച് ഇന്ത്യ. ഓഗസ്റ്റ് 23 ന് കൊളംബോയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ വെറ്ററൻ ഓൾ റൗണ്ടർ സരാൻഷ് ജെയിൻ അരങ്ങേറ്റ മത്സരം കളിച്ചേക്കും. മധ്യപ്രദേശിൽനിന്നുള്ള 33 വയസ്സുകാരൻ താരം ആദ്യമായാണ് ഇന്ത്യൻ ടീമിൽ ഉള്‍പ്പെടുന്നത്. സരാൻഷ് ജെയിൻ വരുമ്പോൾ ചൈനാമാൻ ബോളര്‍ കുൽദീപ് യാദവ് പ്ലേയിങ് ഇലവനിൽനിന്നു പുറത്താകും.മധ്യപ്രദേശിനു പുറമേ, ആഭ്യന്തര ക്രിക്കറ്റിൽ സെൻട്രൽ സോണിനായും റസ്റ്റ് ഓഫ് ഇന്ത്യയ്ക്കു വേണ്ടിയും താരം കളിച്ചിട്ടുണ്ട്. കരിയറിൽ 181 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളും 2,223 റൺസും താരം സ്വന്തമാക്കിയിട്ടുണ്ട്. സരാൻഷിന്റെ പിതാവ് സുബോധ് ജയിനും മധ്യപ്രദേശിനായി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എ ടീമിനു വേണ്ടി ജൂലൈയിൽ കളിക്കാനിറങ്ങിയപ്പോൾ, 75 റൺസും, ഏഴു വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു.
Auto ⏭️


