BUSINESS
ഭൂമി തരം മാറ്റം, 25 സെന്റിന്റെ സൗജന്യ ആനുകൂല്യം എപ്പോൾ നഷ്ടപ്പെടും? അറിയേണ്ട സുപ്രീം കോടതി വിധിയും പുതിയ ഫീസും

കേരളത്തിൽ ഇന്നു പലരും സ്വന്തം ഭൂമി തരം മാറ്റിയെടുക്കാനുള്ള (Kerala Land Reclassification) തത്രപാടിലാണ്. സ്വന്തം മണ്ണ് വീടുവെക്കാനോ, മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗയോഗ്യമാക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും/ കുടുംബവും ഭൂമി തരം മാറ്റ നിയമങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. അപേക്ഷാ ഘട്ടങ്ങൾ, 25 സെന്റിലെ സൗജന്യ ഇളവിൻമേലുള്ള സുപ്രീം കോടതിയുടെ നിർണ്ണായക വിധി, നിലവിലെ ഫീസ് ഘടന എന്നിവ അറിഞ്ഞിരിക്കാം. കേരളത്തിൽ നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം (2008) പ്രകാരമാണ് ഭൂമി തരം മാറ്റ നടപടികൾ പൂർത്തിയാക്കുന്നത്.ഭൂമി തരം മാറ്റം: നിയമങ്ങളും ഘട്ടങ്ങളുംഭൂമി തരം മാറ്റലിൽ ഡാറ്റാ ബാങ്ക് പരിശോധന വളരെ പ്രധാനപ്പെട്ടതാണ്. ഭൂമി കൃഷി വകുപ്പിന്റെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന ഘട്ടമാണിത്. ഭൂമി ഡാറ്റാ ബാങ്കിൽ ഉണ്ടെങ്കിൽ, തരം മാറ്റത്തിനു വേണ്ടി ആർഡിഒ (RDO) മുമ്പാകെ ‘ഫാറം 5’ സമർപ്പിക്കണം. ഇവിടെ അപേക്ഷാ ഫീസ് 100 രൂപയാണ്.ഡാറ്റാ ബാങ്കിൽ ഇല്ലാത്തതും, എന്നാൽ വില്ലേജ് രേഖകളിൽ (BTR) ‘നിലം’ എന്ന് രേഖപ്പെടുത്തിയതുമായ ഭൂമി ‘പുരയിടം/നികത്തുഭൂമി’ ആക്കാൻ ‘ഫാറം 6’ ആണ് ഉപയോഗിക്കേണ്ടത്. ഇവിടെ അപേക്ഷാ ഫീസ് 1000 രൂപയാണ്.വില്ലേജ്, കൃഷി ഓഫീസർമാരുടെ റിപ്പോർട്ട് പ്രകാരമാകും ആർഡിഒ തരംമാറ്റ ഉത്തരവിറക്കുകയും, നിർദ്ദിഷ്ട ഫീസ് അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ഉത്തരവ് ലഭിച്ച ശേഷം വില്ലേജ് ഓഫീസിൽ അപേക്ഷ നൽകി BTR-ൽ ഭൂമിയുടെ തരം മാറ്റ തണ്ടപ്പേര് പുതുക്കുക.സൗജന്യ പരിധി മാറുന്നുവെന്ന വാർത്തയുടെ വസ്തുതസംസ്ഥാനത്ത് സൗജന്യമായി തരം മാറ്റാനുള്ള ഭൂമിയുടെ പരിധി നിലവിൽ 25 സെന്റാണ്. അതേസമയം ഈ സൗജന്യ പരിധി സർക്കാർ 10 സെന്റാക്കി കുറയ്ക്കാൻ പദ്ധതിയിടുന്നുവെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അടക്കം ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഇത്തരമൊരു നിർദേശം ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. 30.12.2017-ന് മുമ്പുള്ള ആധാരപ്രകാരം 25 സെന്റ് (10 ആർ) വരെയുള്ള ഭൂമി സൗജന്യമായി തരം മാറ്റാം. അതേസമയം ഭൂമി തരം മാറ്റാൻ നടക്കുന്നവർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന സുപ്രീം കോടതി വിധിയുണ്ട്.ഭൂമി തരം മാറ്റം: സുപ്രീം കോടതി വിധിമുമ്പ് 25 സെന്റിൽ കൂടുതൽ ഭൂമിയുള്ളവർ ആദ്യ 25 സെന്റ് കഴിഞ്ഞ് ബാക്കി വരുന്ന ഭാഗത്തിന് മാത്രം ഫീസ് നൽകിയാൽ മതിയെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സുപ്രീം കോടതി ഈ ഉത്തരവ് റദ്ദാക്കി. നിങ്ങളുടെ പക്കൽ 25 സെന്റിൽ കൂടുതൽ ഭൂമിയുണ്ടെങ്കിൽ (ഉദാഹരണത്തിന് 30 സെന്റ്), ആദ്യത്തെ 25 സെന്റിന് സൗജന്യ ആനുകൂല്യം ലഭിക്കില്ല. അതായത് മൊത്തം 30 സെന്റ് ഭൂമിയുടെയും ന്യായവിലയുടെ ഫീസ് നൽകേണ്ടി വരും.തണ്ണീർത്തട ഭൂമിയിൽ 10 സെന്റ് വരെ വിസ്തീർണ്ണമുള്ള പ്ലോട്ടിൽ 120 ചതുരശ്ര മീറ്റർ വരെയുള്ള വീട് നിർമ്മിക്കാൻ തരം മാറ്റ അനുമതി ആവശ്യമില്ലെന്ന് സർക്കാർ പ്രത്യേക ഇളവ് നൽകിയിട്ടുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ എടുത്തുകാണിക്കുന്നു.ഫീസ് ഘടന അറിയാം ഭൂമിയുടെ വിസ്തീർണ്ണം (30.12.2017-ന് മുമ്പുള്ള ഉടമസ്ഥത ഫീസ് നിരക്ക് 25 സെന്റ് (10 ആർ) വരെ- സൗജന്യം (ഫീസ് ഇല്ല) 25 സെന്റിന് മുകളിൽ 1 ഏക്കർ വരെ- മൊത്തം ഭൂമിയുടെ ന്യായവിലയുടെ 10% 1 ഏക്കറിന് മുകളിൽ- മൊത്തം ഭൂമിയുടെ ന്യായവിലയുടെ 20% 30.12.2017-ന് ശേഷം വിഭജിച്ച് വാങ്ങിയവ- 25 സെന്റിൽ താഴെയാണെങ്കിലും ന്യായവിലയുടെ 10%അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കേരളത്തിൽ നിലവിൽ ഭൂമി തരം മാറ്റം നടപടികൾ ഓൺലൈൻ വഴി മാത്രമാണ് നടക്കുന്നത്. അപേക്ഷകൾ റവന്യൂ പോർട്ടൽ (revenue.kerala.gov.in) വഴി സമർപ്പിക്കണം. ഇതിന് ആക്ഷയാ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താം. 2017 ഡിസംബർ 30-ന് ശേഷം ഒരേക്കറിലധികം വലിയ ഭൂമി ചെറിയ കഷണങ്ങളാക്കി (25 സെന്റിൽ താഴെ) വാങ്ങിയിട്ടുണ്ടെങ്കിൽ സൗജന്യ ഇളവ് ലഭിക്കില്ല. ഭൂമി 25 സെന്റിൽ കുറച്ചെങ്കിലും കൂടുതലാണെങ്കിൽ സൗജന്യ ആനുകൂല്യം പൂർണ്ണമായും നഷ്ടപ്പെടുകയും, മൊത്തം വിസ്തീർണ്ണത്തിനും ഫീസ് ഒടുക്കേണ്ടിയും വരും. തരം മാറ്റേണ്ട ഭൂമി 50 സെന്റിൽ കൂടുതലാണെങ്കിൽ, മൊത്തം സ്ഥലത്തിന്റെ 10% പ്രദേശം ജലസംരക്ഷണ നടപടികൾക്കായി (വാട്ടർ കൺസർവേഷൻ) മാറ്റി നിർത്തി മാപ്പിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഇതൊരു ദീർഘമായ നടപടിയാണ്. അതിനാൽ കൃത്യമായ പിന്തുടരണം. ഒന്നിലധികം സർക്കാർ സന്ദർശനങ്ങളും, ലൊക്കോഷൻ മാപ്പ്, ചിത്രങ്ങൾ എ്ന്നിവ ആവശ്യഗമുണ്ട്. ഭൂമി തരം മാറ്റത്തിന്റെ പേരിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ട്. സ്വകാര്യ വ്യക്തികളെയോ, ഏജൻസികളെയോ സമിപിക്കുമ്പോൾ ജാഗ്രത പാലിക്കുക. സ്വന്തം നിലയിൽ സർക്കാർ സംവിധാനങ്ങൾ വഴി നടപടികൾ പൂർത്തിയാകുന്നതാണ് ഉചിതം.(മുകളിൽ പറഞ്ഞ കാര്യങ്ങൾ നിലവിൽ ലഭ്യമായ ഓൺലൈൻ വിവിരങ്ങളുടെയും, റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ്. ഭൂമി തരം മാറ്റ നടപടികൾക്ക് മുമ്പ് വില്ലേജ് ഓഫീസ്, കൃഷിഭവൻ, അക്ഷയ കേന്ദ്രങ്ങൾ സന്ദർശിക്കുക. ഇവിടെ നിന്നുള്ള കൃത്യമായ നടപടികൾ പിന്തുടരുക.)
Read News


