NEWS

2000 രൂപ മുതൽ 5000 വരെ, ഓണമുണ്ണാൻ എത്തുന്ന മലയാളികൾ ‘വിയർക്കും’: ആഘോഷം കഴിഞ്ഞാലും ഇളവില്ല

പ്രതീകാത്മക എഐ ചിത്രം

കോട്ടയം: ഓണത്തിന് നാട്ടിലെത്തുന്ന അന്യസംസ്ഥാന മലയാളികളെ ലക്ഷ്യമിട്ട് സ്വകാര്യ ബസ് ലോബി. ചെന്നൈ, ബംഗളൂരു, മംഗലാപുരം തുടങ്ങിയ റൂട്ടുകളിലാണ് സാധാരണ നിരക്കിന്റെ ഇരട്ടിയിലേറെ ഈടാക്കുന്നത്. അതേസമയം ഓണക്കാലത്തെ തിരക്ക് നേരിടാൻ കെ.എസ്.ആർ.ടി.സി പ്രഖ്യാപിച്ചിട്ടുള്ള സർവീസുകൾ പര്യാപ്തമല്ലെന്ന പരാതി ശക്തമാണ്.

മലയാളികൾ കൂടുതലുള്ള ചെന്നൈയിലേക്ക് കോട്ടയത്ത് നിന്ന് കെ.എസ്.ആർ.ടി.സിക്ക് നിലവിൽ നേരിട്ടുള്ള സർവീസില്ല. സാധാരണ ദിവസങ്ങളിൽ കോട്ടയം-ബംഗളൂരു റൂട്ടിൽ സ്വകാര്യ ബസുകളിൽ 600 മുതൽ 2000 രൂപ വരെയാണ് നിരക്ക്. കെ.എസ്.ആർ.ടി.സിയിൽ ഇതേ റൂട്ടിൽ 1500 രൂപ വരെയാണ് സാധാരണ നിരക്ക്. എന്നാൽ ഓണത്തിരക്ക് ആരംഭിക്കുന്നതോടെ സ്വകാര്യബസുകളുടെ നിരക്ക് കുത്തനെ ഉയരും. അടുത്ത ആഴ്ച മുതൽ 2000 മുതൽ 5000 രൂപ വരെയാണ് സ്വകാര്യ ബസുകൾ ഈടാക്കുക.

ആഘോഷം കഴിഞ്ഞാലും ഇളവില്ല
ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നവർക്കും സ്വകാര്യബസുകളുടെ നിരക്കുവർദ്ധനയിൽ നിന്ന് രക്ഷയില്ല. സെപ്തംബർ ആദ്യം കോട്ടയം–ബംഗളൂരു റൂട്ടിൽ കെ.എസ്.ആർ.ടി.സി നിരക്ക് 981 മുതൽ 1423 രൂപ വരെയായിരിക്കുമ്പോൾ സ്വകാര്യ ബസുകളിൽ 4200 രൂപ വരെ ഈടാക്കുന്നു.

സ്പെഷ്യൽ സർവീസ് കൂടുതൽ വേണം

ഓണം പ്രമാണിച്ച് കെ.എസ്.ആർ.ടി.സി, ട്രെയിൻ സ്‌പെഷൽ സർവീസുകൾ കൂടുതലായി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മലയാളികൾ ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നതും ബാംഗ്ളൂർ, ചെന്നൈ, മംഗലാപുരം എന്നിവിടങ്ങളിലാണ്. ഓണക്കാലത്തെ പല സർവീസുകളിലെയും ടിക്കറ്റുകൾ ഇതിനകം ബുക്ക് ചെയ്തുകഴിഞ്ഞു.

യാത്രക്കാരുടെ തിരക്ക് മുതലെടുക്കാൻ സ്വകാര്യ ബസ് കമ്പനികൾ

നിരക്ക് ഉയർത്തുമ്പോൾ നൽകാൻ യാത്രക്കാർ നിർബന്ധതരാകുന്നു

അധിക സർവീസുകൾ ഒരുക്കുന്നതിൽ കെ.എസ്.ആർ.ടി.സിക്ക് വീഴ്ച
RELATED TOPICS: ONAM PRIVATE BUS, KERALA PRIVATE BUSES, MIGRANT MALAYALIS ONAM, ONAM TRAVEL KERALA, PRIVATE BUS LOBBY

Read News ⏭️

Back to top button