NEWS
പ്രതിയെ അന്വേഷിച്ചെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ചു; നാലു പേർ പിടിയിൽ

കൊച്ചി ∙ ലഹരിക്കടത്ത് കേസിൽ പ്രതിയെ അന്വേഷിച്ചെത്തിയ എക്സൈസ് സംഘത്തിനു നേർക്ക് ആക്രമണം. എറണാകുളത്ത് തമ്മനം എകെജി കോളനിയിൽ വച്ചാണ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം അക്ഷയ്കുമാർ എന്നയാളിൽനിന്നും എക്സൈസ് മെത്താഫിറ്റമിൻ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ തമ്മനം എകെജി കോളനിയിലുള്ള വൈശാഖ് എന്നയാളെ കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് അന്വേഷണത്തിനു എത്തിയപ്പോഴാണ് എക്സൈസ് സംഘം ആക്രമണത്തിനു ഇരയായത്.ബൈക്കിൽ എത്തിയ വൈശാഖ് എക്സൈസ് സംഘത്തെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചു. ഈ സമയം ഉദ്യോഗസ്ഥരെ പ്രതിയുടെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ആക്രമിച്ചു. ശേഷം വൈശാഖിനെ എക്സൈസിന്റെ പക്കൽനിന്നും മോചിപ്പിച്ച്, രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കിനൽകി. തുടർന്ന് എക്സൈസ് സംഘം പൊലീസിൽ പരാതി നൽകി. എക്സൈസ് ഉദ്യോഗസ്ഥരെ മർദിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് 6 പേർക്ക് എതിരെ കേസ് എടുക്കുകയും നാല് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സിവിൽ എക്സൈസ് ഓഫിസർ ഷിയാസ്, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ വിഷ്ണുകുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർ കനക എന്നിവർക്കാണ് പരുക്കേറ്റത്.
Fashion ⏭️


