NEWS
ട്രെയിൻ പാളം തെറ്റി മൂന്ന് ബോഗികൾ വയലിലേക്ക് മറിഞ്ഞു; യുകെയിൽ 20 പേർക്ക് പരുക്ക്, ഒഴിവായത് വൻ ദുരന്തം

ലണ്ടൻ/സസെക്സ്∙ ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്സിൽ യാത്രക്കാരുമായി പോയ ട്രെയിൻ പാളം തെറ്റി മൂന്ന് ബോഗികൾ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. 18 പേർക്ക് മറ്റ് പരുക്കുകളും ഉണ്ടായതായി ബ്രിട്ടിഷ് ട്രാൻസ്പോർട്ട് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് 3.44ഓടെയാണ് ലൂയിസിന് സമീപം അപകടമുണ്ടായത്. ഏകദേശം 150 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്.• അപകടത്തിൽപ്പെട്ടത് ലണ്ടൻ–ഈസ്റ്റ്ബോൺ ട്രെയിൻ ലണ്ടൻ വിക്ടോറിയയിൽ നിന്ന് ഈസ്റ്റ്ബോണിലേക്ക് പോകുകയായിരുന്ന സതേൺ ട്രെയിനാണ് ഹേവാർഡ്സ് ഹീത്തിനും ലൂയിസിനുമിടയിൽ പാളം തെറ്റിയത്. ട്രെയിനിന്റെ പിന്നിലെ മൂന്ന് ബോഗികൾ പാളത്തിൽനിന്ന് തെറിച്ച് സമീപത്തെ വയലിലേക്ക് മറിഞ്ഞു. ചില യാത്രക്കാർ ബോഗികളിൽ കുടുങ്ങിയെങ്കിലും എല്ലാവരെയും പിന്നീട് സുരക്ഷിതമായി പുറത്തെടുത്തു.ആറ് വയസ്സുകാരിയായ മകൾ മാബെലിനൊപ്പം യാത്ര ചെയ്ത റോബ് ബ്രാഡ്ലി, അപകടസമയത്ത് മകളെ രക്ഷിക്കുകയായിരുന്നു തന്റെ ആദ്യ പ്രതികരണമെന്ന് പറഞ്ഞു. അതേസമയം, ലൂയിസിൽ നിന്നുള്ള ചാർലി ഹോബ്ഡൻ, ബോഗി മറിഞ്ഞപ്പോൾ തറയിലൂടെ വലിച്ചിഴക്കപ്പെട്ടതു പോലെ ആയിരുന്നുവെന്ന് വിവരിച്ചു. യാത്രക്കാരിയായ ഷാനൻ ജോൺസ് അപകടം ഒരു കാർ അപകടം പോലെയാണ് അനുഭവപ്പെട്ടതെന്ന് പറഞ്ഞു. ട്രെയിൻ ശക്തമായി വശങ്ങളിലേക്ക് കുലുങ്ങിയതിനെ തുടർന്ന് യാത്രക്കാർ മുന്നിലേക്ക് തെറിച്ചുവീണെന്നും പിന്നീട് അടിയന്തര സേവനങ്ങളെ വിളിക്കാൻ ഒരാൾ ആവശ്യപ്പെട്ടെന്നും അവർ പറഞ്ഞു.
Fashion ⏭️

