NEWS
പൈലറ്റ് ഉറക്കമരുന്നു കഴിച്ചിരുന്നു; വിമാനം താഴ്ന്നപ്പോൾ നിലത്തിരുന്നു: വഴിത്തിരിവായി റിപ്പോർട്ട്

ന്യൂഡൽഹി ∙ എയർ ഇന്ത്യ വിമാനം പറക്കുന്നതിനിടെ നിയന്ത്രണം വിട്ടു താഴേക്കു പതിച്ച സംഭവത്തിൽ, പൈലറ്റിന് ഉറക്ക സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും അതിനായി അദ്ദേഹം മരുന്നു കഴിച്ചിരുന്നെന്നും വിമാനക്കമ്പനിയുടെ ആഭ്യന്തര സുരക്ഷാ റിപ്പോർട്ടിൽ പറയുന്നെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പൈലറ്റ് മരിജുവാന ഉപയോഗിച്ചിരുന്നെന്ന് ലഹരിപരിശോധനകളിൽ വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് ഉറക്കമില്ലായ്മയ്ക്കു മരുന്നു കഴിച്ചിരുന്നെന്ന വെളിപ്പെടുത്തൽ. വ്യക്തിപരമായ ചില പ്രശ്നങ്ങൾ മൂലം തനിക്ക് ഉറക്കമില്ലായ്മ ഉണ്ടായിരുന്നെന്നും കുടുംബ ഡോക്ടർ അതിനു മരുന്നു നൽകിയിരുന്നെന്നും പൈലറ്റ് പറഞ്ഞതായി ആഭ്യന്തര സുരക്ഷാ റിപ്പോർട്ടിലുണ്ട്. ഡ്യൂട്ടികൾക്കിടയിലുള്ള വിശ്രമസമയത്ത് ഉറങ്ങാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും അതിനു വേണ്ടി നടത്തം അടക്കമുള്ളവ പരീക്ഷിച്ചിരുന്നെന്നും പൈലറ്റ് പറഞ്ഞതായും റിപ്പോർട്ടിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.ഈ മാസം നാലിന് തായ്ലൻഡിലെ ഫുക്കറ്റിൽനിന്ന് 137 യാത്രക്കാരുമായി ഡൽഹിയിലേക്കു പറന്ന എയർബസ് എ320 വിമാനം ഒഡീഷയ്ക്കു മുകളിൽവച്ച് 300 അടിയിലേക്കു താഴുകയായിരുന്നു. 4 ക്രൂ അംഗങ്ങൾ ഉൾപ്പെടെ 17 പേർക്ക് പരുക്കേറ്റു. വിമാനം ആകാശച്ചുഴിയിൽപെട്ടു എന്നായിരുന്നു ആദ്യവിവരം, അതിനു പിന്നാലെയാണ് പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നെന്നും വിമാനത്തിൽ അസ്വാഭാവികമായി പെരുമാറിയിരുന്നെന്നുമുള്ള വിവരം പുറത്തുവന്നത്. തുടർന്നു നടത്തിയ രണ്ടു വൈദ്യപരിശോധനകളിലും പൈലറ്റിന്റെ ശരീരത്തിൽനിന്നെടുത്ത സാംപിളിൽ മരിജുവാനയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രണ്ടു ഡ്യൂട്ടികൾക്കിടെ തനിക്ക് ആവശ്യത്തിനു വിശ്രമസമയം കിട്ടിയില്ലെന്നും പൈലറ്റ് പറഞ്ഞിരുന്നു.
Fashion ⏭️


