NEWS
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; റിപ്പോർട്ടിൽ വ്യക്തതയില്ല, അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടു ഹാജരാകണം: ഹൈക്കോടതി

കൊച്ചി∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ശശിധരനോട് 14ന് നേരിട്ടു ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി. വ്യക്തതയില്ലാത്ത റിപ്പോർട്ടാണു വിജിലൻസ് നൽകിയതെന്നു കുറ്റപ്പെടുത്തിയാണു ജസ്റ്റിസ് എ.ബദറുദ്ദീൻ നിർദേശം നൽകിയത്.തട്ടിപ്പുമായി ബന്ധപ്പെട്ട് എത്ര കേസുകളാണു റജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന വിവരം പോലും റിപ്പോർട്ടിൽ ഇല്ലെന്നു കോടതി പറഞ്ഞു. അന്വേഷണം വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ മാരാരിക്കുളം സ്വദേശി എം.എസ്.അനിൽ നൽകിയ ഉപഹർജിയാണ് പരിഗണിക്കുന്നത്.മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പരാതിയെ തുടർന്നു 2016ൽ റജിസ്റ്റർ ചെയ്ത കേസാണിത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ.സോമൻ, മൈക്രോ ഫിനാൻസ് സ്റ്റേറ്റ് കോഓർഡിനേറ്റർ കെ.കെ.മഹേശൻ കെഎസ്ബിസിഡിസി മുൻ എംഡി ദിലീപ്കുമാർ തുടങ്ങിയവരെ പ്രതിയാക്കിയാണു കേസ്. കെഎസ്ബിസിഡിസി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകൾ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.
Fashion ⏭️


