യോഗ്യതാ തർക്കം കോടതിയിൽ: എച്ച്.എസ് .ടി ചുരുക്കപ്പട്ടിക പുറത്ത് വിടാതെ പി.എസ്.സി

തിരുവനന്തപുരം; യോഗ്യതയിൽ വരുത്തിയ വ്യത്യാസം കോടതി കയറിയതോടെ ,ഫിസിക്കൽ സയൻസ് ഹൈസ്കൂൾ അദ്ധ്യാപക നിയമനത്തിനുള്ള താത്കാലിക ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാതെ പി.എസ്.സി.
സംസ്ഥാനത്ത് 362 ലധികം ഫിസിക്കൽ സയൻസ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. രണ്ട്
മാസത്തിനകം ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവും പി.എസ്.സിയുടെ നടപ്പാക്കിയില്ല.. യോഗ്യത സംബന്ധിച്ച കേസ് സുപ്രീം കോടതിലുള്ളതിനാലാണ് ഇതെന്നാണ് ആക്ഷേപം.
ഇതിന് മുൻപുള്ള വിജ്ഞാപനം 2016-ലാണ് പ്രസിദ്ധീകരിച്ചത്. യോഗ്യതയായി ഫിസിക്സ് അല്ലെങ്കിൽ കെമിസ്ട്രി മുഖ്യ വിഷയമായുള്ള ബിരുദമാണ് പറഞ്ഞിരുന്നത്.എന്നാൽ, ഫിസിക്സ് മുഖ്യ വിഷയമായി പഠിച്ചവർ കെമിസ്ട്രി ഉപവിഷയമായും, കെമിസ്ട്രി മുഖ്യ വിഷയമായി പഠിച്ചവർ ഫിസിക്സ് ഉപവിഷയമായും പഠിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് പിന്നീട് ഉത്തരവ് പുറത്തിറക്കി. ഇത് മുൻകാല പ്രാബല്യത്തോടെ പി.എസ്.സി നടപ്പാക്കിയതാണ് നിയമക്കുരുക്കിലേക്ക് നീങ്ങിയത്. വിജ്ഞാപനത്തിനെതിരെ ഉദ്യോഗാർത്ഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. തുടർന്ന് കേസ് സുപ്രീംകോടതി വരെയെത്തി. ഇതിന്റെ റാങ്ക് ലിസ്റ്റ് 2020ൽ നിലവിൽ വരുകയും 2023 ൽ കാലാവധി അവസാനിക്കുകയും ചെയ്തു . എന്നിട്ടും കേസിന്റെ നടപടികൾക്ക് അവസാനമുണ്ടായില്ല.
2024 ഡിസംബറിലാണ് പിന്നീട് പിന്നീട് വിജ്ഞാപനം വന്നത്. അതിന്റെ പരീക്ഷ 2025 ആഗസ്റ്റ് ആറിന് നടത്തിയിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനായിട്ടില്ല . 14 ജില്ലകളിലായി 20,000-ത്തോളം പേരാണ് പരീക്ഷ എഴുതിയത്. സുപ്രീം കോടതിയിലെ കേസിന്റെ വിധിയുടെ അടിസ്ഥാനത്തിലേ യോഗ്യത സംബന്ധിച്ച കാര്യത്തിൽ അന്തിമ തീർപ്പുണ്ടാകൂവെന്ന് വിജ്ഞാപനത്തിൽ പി.എസ്.സി വ്യക്തമാക്കിയിരുന്നു.


