SPORTS

വിൻഡീസിന് ‘യോഗ്യത’ ഇല്ല, തുടർച്ചയായ മൂന്നാം ലോകകപ്പിനും ‘ഡയറക്ട് എൻട്രി’ കിട്ടാതെ മുൻ ചാംപ്യന്മാർ; അഫ്ഗാനിസ്ഥാൻ ഇൻ!


ബെൽഫാസ്റ്റ് ∙ 2027 ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനാകാതെ മുൻ ചാംപ്യന്മാരായ വെസ്റ്റിൻഡീസ്. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ വിജയിച്ചതോടെയാണ് വെസ്റ്റിൻഡീസിനെ ‘ഡയറക്ട് എൻട്രി’ക്കുള്ള അവസരം നഷ്ടമായത്. ജയത്തോടെ അഫ്ഗാനിസ്ഥാൻ ലോകകപ്പിന് യോഗ്യത ഉറപ്പിക്കുകയും ചെയ്തു. തുടർച്ചയായ മൂന്നാം തവണയാണ് വിന്‍ഡീസ് യോഗ്യതാ മത്സരം കളിക്കേണ്ടി വരുന്നത്. 2019ല്‍ യോഗ്യതാ മത്സം ജയിച്ച് വിന്‍ഡീസ് ലോകകപ്പിനെത്തിയെങ്കിലും 2023ല്‍ ആ കടമ്പ കടക്കാനായില്ല. റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ് വിന്‍ഡീസിപ്പോള്‍. സെപ്റ്റംബര്‍ 30ന് മുന്‍പ് ഇന്ത്യയ്ക്കെതിരെ രണ്ടു മത്സരങ്ങൾ ശേഷിക്കുന്നുണ്ടെങ്കിലും റാങ്കിങ്ങിൽ മുന്നേറാൻ സാധിക്കില്ല. ഇതാണ് യോഗ്യത മത്സരത്തിലേക്ക് വിന്‍ഡീസിനെ വീണ്ടും തള്ളിവിട്ടത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പത്ത് ടീമുകളുണ്ടാകും. ഇതില്‍ നിന്നും നാലു ടീമുകള്‍ ലോകകപ്പിനെത്തും. യോഗ്യതാ മത്സരങ്ങളുടെ ആതിഥേയത്വം ആര്‍ക്കാണെന്നതില്‍ തീരുമാനമായിട്ടില്ല. ∙ റാഷിദ് കരുത്തിൽ അഫ്ഗാനിസ്ഥാൻ സൂപ്പർ താരം റാഷിദ് ഖാന്റെ ഓൾറൗണ്ട് പ്രകടനത്തിന്റെ കരുത്തിലാണ് ബെൽഫാസ്റ്റിൽ നടന്ന മൂന്നാം ഏകദിനത്തിൽ അയർലൻഡിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ 2027 ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടിയത്. മൂന്നു വിക്കറ്റെടുത്ത റാഷിദ്, പുറത്താകാതെ 37 റൺസുമെടുത്തു. 2023 ഏകദിന ലോകകപ്പിൽ നാല് വിജയങ്ങളും അഞ്ച് തോൽവികളുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തി അഫ്ഗാനിസ്ഥാൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അന്ന് സെമിഫൈനൽ യോഗ്യതയ്ക്ക് തൊട്ടരികിലാണ് അവർ പുറത്തായത്. എങ്കിലും, മുൻ ചാംപ്യന്മാരായിരുന്ന ഇംഗ്ലണ്ട്, ശ്രീലങ്ക, പാക്കിസ്ഥാൻ എന്നിവർക്കെതിരെ വിജയിച്ചതോടെ തലയുയർത്തിയാണ് അഫ്ഗാനിസ്ഥാൻ മടങ്ങിയത്.


Auto ⏭️

Back to top button