ശബരിമല യുവതീപ്രവേശനം; വിധി ഒക്‌ടോബർ ആദ്യവാരം, സൂചന നൽകി ചീഫ് ജസ്റ്റിസ്

ശബരിമല
ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച കേസിലെ വിധി ഒക്ടോബറിൽ ഉണ്ടായേക്കുമെന്ന് സൂചന. ബോധ്ഗയ ക്ഷേത്രക്കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇതുസംബന്ധിച്ച സൂചന നൽകിയത്. ബോധ്ഗയ കേസ് ശബരിമല വിധിക്ക് ശേഷം പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ അത് ഒക്ടോബർ ആദ്യവാരം ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. കൂടാതെ ബോധ്ഗയ കേസ് ഒക്ടോബർ ആറിന് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ശബരിമല യുവതീപ്രവേശന വിഷയത്തിലെ വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജി അഞ്ചംഗ ഭരണഘടന ബെഞ്ചാണ് പരിഗണിച്ചത്. ഈ ബെഞ്ച് തയ്യാറാക്കിയ ചോദ്യങ്ങളിൽ ഒമ്പതംഗ ബെഞ്ച് വാദം കേൾക്കുകയായിരുന്നു. ഒമ്പതംഗ ബെഞ്ച് റഫറൻസിൽ നൽകുന്ന ഉത്തരങ്ങൾക്ക് അനുസരിച്ച് അഞ്ചംഗ ബെഞ്ച് വീണ്ടും പുനഃപരിശോധന ഹർജികളിൽ വാദം കേട്ട് വിധി പറയും.
ഇക്കഴിഞ്ഞ മാർച്ചിൽ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. 17 പേജുകളുള്ള ഈ സത്യവാങ്മൂലത്തിൽ ഭരണഘടനാപരമായ ഏഴ് ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഉള്ളത്.
ശബരിമലയിൽ വർഷങ്ങളായി തുടരുന്ന ആചാരങ്ങളിൽ കോടതിയുടെ പരിശോധന ആവശ്യമാണെങ്കിൽ അത് ആ വിഭാഗത്തിലെ പണ്ഡിതന്മാരുമായും സാമൂഹ്യപരിഷ്കർത്താക്കളുമായും വിശദമായ ചർച്ചകൾ നടത്തിയശേഷം മാത്രമേ പാടുള്ളൂവെന്ന നിലപാടാണ് സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നത്. ആചാരങ്ങളിൽ മാറ്റം വരുത്തുന്നതിന് മുൻപ് കൃത്യമായ പഠനവും ചർച്ചയും വേണമെന്നാണ് സർക്കാറിന്റെ വിശദീകരണം. ഒരു നിഷ്പക്ഷ വിഭാഗം എന്ന നിലയിൽ പണ്ഡിതരുടെയും പരിഷ്കർത്താക്കളുടെയും അഭിപ്രായം തേടുന്നത് നീതി നടപ്പാക്കുന്നതിന് സഹായകരമാകുമെന്നും സർക്കാർ വ്യക്തമാക്കുന്നു.
English Summary
The verdict in the Sabarimala women’s entry case is expected in October, Chief Justice Suryakant indicated while hearing the Bodh Gaya temple case. A five-judge bench is reviewing petitions, with a nine-judge bench addressing referred questions. The state government recently filed an affidavit suggesting detailed consultations with scholars and reformers before altering temple customs.
RELATED TOPICS: SABARIMALA WOMEN ENTRY, SABARIMALA VERDICT, CHIEF JUSTICE, SABARIMALA CASE, WOMEN ENTRY TEMPLE
Read News ⏭️


