SPORTS

കസേരയിൽ കയറിനിന്ന് സംസാരിക്കാൻ യുവരാജ് സിങ് ആവശ്യപ്പെട്ടു, ഞാൻ എന്തു ചെയ്യും? വെളിപ്പെടുത്തി മുഹമ്മദ് ഷമി


ന്യൂ‍ഡൽഹി∙ ദേശീയ ടീമിൽ ആദ്യമായി സിലക്ഷൻ ലഭിച്ച സമയത്ത് ഇന്ത്യൻ ഡ്രസിങ് റൂമിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു വെളിപ്പെടുത്തി വെറ്ററൻ പേസർ മുഹമ്മദ് ഷമി. ആദ്യമായി ഡ്രസിങ് റൂമിലെത്തിയപ്പോള്‍ കസേരയുടെ മുകളിൽ കയറിനിന്ന് സംസാരിക്കാൻ യുവരാജ് സിങ് ആവശ്യപ്പെട്ടതായി ഷമി പറഞ്ഞു. 2013 ജനുവരിയിൽ പാക്കിസ്ഥാനെതിരെയാണ് മുഹമ്മദ് ഷമി ഏകദിന ഫോർമാറ്റിൽ അരങ്ങേറ്റ മത്സരം കളിച്ചത്. ആദ്യമായി ടീം മീറ്റിങ്ങിനു പോയപ്പോഴായിരുന്നു അന്ന് സീനിയർ താരമായിരുന്ന യുവരാജ് സിങ്ങിന്റെ തമാശയെന്നും ഷമി പ്രതികരിച്ചു.ഇന്ത്യൻ ടീം ക്യാംപിലുണ്ടായിരുന്നതിൽ ഏറ്റവും തമാശക്കാരൻ ശിഖർ ധവാനാണെന്നും ഷമി പറഞ്ഞു. ‘‘എന്തും ചെയ്യുന്ന ആളാണ് ധവാൻ. കളി തോറ്റ് ഞങ്ങളെല്ലാം ഡ്രസിങ് റൂമിൽ നിരാശയോടെ ഇരിക്കുകയായിരിക്കും. ശിഖർ ധവാൻ അപ്പോൾ ഉറക്കെ ചിരിക്കുകയായിരിക്കും. എന്തിനാണ് ചിരിക്കുന്നതെന്നു ഞാൻ ചോദിച്ചാൽ, നമ്മൾ തോറ്റതുകൊണ്ടാണെന്നു പറയും. അങ്ങനെയാണ് അദ്ദേഹത്തിന്റെ സ്വഭാവം. ചിലപ്പോൾ മേശയുടെ മുകളിൽ കയറി പഞ്ചാബി ഗാനത്തിന് നൃത്തം ചെയ്യും. ഞങ്ങളും അത് ആസ്വദിക്കും. കാരണം ജയവും തോൽവിയും ഇവിടെ സാധാരണ കാര്യമാണ്.’’– ഷമി ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.


Auto ⏭️

Back to top button