കർക്കടകവാവിന് കൂടുതൽ ബസുകളുമായി കെഎസ്ആർടിസി, ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് പ്രത്യേക സർവീസുകൾ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കർക്കടകവാവ് പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ വിവിധ ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി. ജില്ലയിലെ ശംഖുംമുഖം, തിരുവല്ലം, വർക്കല, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം എന്നീ ആറ് പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. ബുധനാഴ്ച പുലർച്ചെ രണ്ട് മണി മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്.
ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, ഇലക്ട്രിക് ഉൾപ്പെടെ 68ഓളം ബസുകളാണ് സ്പെഷ്യൽ സർവീസുകൾക്കായി മാറ്റിയിരിക്കുന്നത്. വിവിധ ഡിപ്പോകളിൽ നിന്നായാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ആറ്റിങ്ങൽ യൂണിറ്റിന് കീഴിൽ വെള്ളനാട്, കാട്ടാക്കട, ആര്യനാട്, വെഞ്ഞാറമൂട്, പാലോട് ഡിപ്പോകളിൽനിന്ന് 10 ബസുകളാണ് പ്രത്യേക സർവീസ് നടത്തുക. കണിയാപുരം യൂണിറ്റിന് കീഴിൽ നെടുമങ്ങാട്, വിതുര ഡിപ്പോകളിൽനിന്ന് നാല് ബസുകളും തിരുവനന്തപുരം സിറ്റി യൂണിറ്റിന് കീഴിൽ വികാസ് ഭവൻ, പേരൂർക്കട, വിഴിഞ്ഞം, നെയ്യാറ്റിൻകര, പാറശാല ഡിപ്പോകളിൽനിന്ന് 10 ബസുകളും ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തും.
പാപ്പനംകോട് യൂണിറ്റിന് കീഴിൽ കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല, വെള്ളറട, പൂവാർ ഡിപ്പോകളിൽ നിന്ന് 10 ബസുകളും കിളിമാനൂർ ഡിപ്പോയിൽനിന്ന് രണ്ട് ബസുകളും പ്രത്യേക സർവീസിനായി ക്രമീകരിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യൂണിറ്റ് ഓഫീസർമാരും ഇൻസ്പെക്ടർമാരും ഉൾപ്പെടുന്ന സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ആറ്റിങ്ങൽ, കണിയാപുരം, തിരുവനന്തപുരം സിറ്റി, പാപ്പനംകോട് ഡിപ്പോകളിൽ നിന്നായി മുപ്പതോളം ഓർഡിനറി ബസുകളും ബുധനാഴ്ച സർവീസ് നടത്തും.
English Summary
KSRTC will operate special services to six major Bali Tharpanam centres in Thiruvananthapuram district for Karkidaka Vavu. Services will begin from 2 am on Wednesday, with around 68 ordinary, fast passenger and electric buses deployed from various depots. Special squads, including unit officers and inspectors, will manage crowds. Around 30 additional ordinary buses will also operate from key depots.
RELATED TOPICS: KARKIDAKA VAVU, KSRTC SPECIAL BUS, BALI THARPANAM, KERALA BUS SERVICE
Read News ⏭️


