NEWS

കുമ്പളം– തേവര പാലം നിർമാണം: നിലപാട് കടുപ്പിച്ച് കിഫ്ബി; കരാറുകാരനെ ഉടൻ തീരുമാനിക്കണമെന്ന് ആവശ്യം


കുമ്പളം ∙ നിർദിഷ്ട കുമ്പളം തേവര പാലത്തിന്റെ കരാറുകാരനെ ഉടൻ തീരുമാനിക്കണമെന്ന് നിർദേശിച്ച് നിർമാണ ചുമതലയുള്ള കേരള റോഡ്സ് ഫണ്ട് ബോർഡിന് (കെആർഎഫ്ബി) ഫണ്ടിങ് ഏജൻസിയായ കിഫ്ബി കത്തു നൽകി. സ്ഥലം ഏറ്റെടുക്കൽ കഴിഞ്ഞ് ടെൻഡർ നടപടി നേരത്തേ പൂർത്തിയാക്കിയതാണ്. ‘ടെക്നിക് ബിഡ്’ തുറന്നിരുന്നു. ‘പ്രൈസ് ബിഡ്’ തുറക്കുന്ന സമയം ആയപ്പോൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമായി.പുതിയ സർക്കാരിന്റെ നിലപാടിന്റെ അടിസ്ഥാനത്തിൽ ‘ബിഡ്’ തുറക്കാനായി കെആർഎഫ്ബി മാറ്റി വച്ചിരിക്കുകയായിരുന്നു. ‘പ്രൈസ് ബിഡ്’ തുറന്നാലേ കരാറുകാരനെ തീരുമാനിക്കാനാകൂ. 3 കരാറുകാരാണ് ഉള്ളത്. മുൻമന്ത്രി കെ.ബാബുവിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ എത്രയും പെട്ടെന്ന് കരാറുകാരനെ തീരുമാനിക്കാൻ മുഖ്യമന്ത്രി കെആർഎഫ്ബിയോട് ആവശ്യപ്പെട്ടിരുന്നു. 2 ദിവസത്തിനുള്ളിൽ അറിയാനാകുമെന്നാണ് കരുതിയത്. എന്നാൽ രേഖാമൂലം കത്ത് കിട്ടാത്തതിനാൽ നടപടിയായില്ല. ഇതോടെയാണ് ഫണ്ടിങ് ഏജൻസിയായ കിഫ്ബി വിഷയത്തിൽ ഇടപെട്ട് കത്ത് നൽകിയത്. 101.32 കോടി രൂപയാണ് പുതുക്കിയ സാമ്പത്തികാനുമതി. 2 വർഷമാണ് നിർമാണ കാലാവധി.


Fashion ⏭️

Back to top button