NEWS

മഴ പഴയ മഴയല്ല; സംസ്ഥാനത്ത് ലഘു മേഘവിസ്ഫോടനം പതിവ്: പ്രളയത്തിനും ഉരുൾപൊട്ടലിനും കാരണം


തിരുവനന്തപുരം ∙ പരമ്പരാഗത മൺസൂൺ രീതികളെ പാടേ തെറ്റിച്ച് കേരളത്തിലെ മഴയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ദൃശ്യമായി. ഇതിന്റെ ഫലമായി പശ്ചിമഘട്ട മലനിരകളിൽ ‘ലഘു മേഘവിസ്ഫോടനങ്ങൾ’ പതിവാകുമെന്നു കാലാവസ്ഥാ ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു. സീസണിൽ ലഭിക്കുന്ന മൊത്തം മഴയുടെ അളവിൽ കുറവുണ്ടാകുന്നതും ഏതാനും മണിക്കൂറുകൾ മാത്രം പെയ്യുന്ന അതിതീവ്ര മഴ പ്രളയങ്ങൾക്കും ഉരുൾപൊട്ടലുകൾക്കും വഴിവയ്ക്കുന്നതുമാണ് പുതിയ പ്രവണത. കേരള സർവകലാശാല, കുസാറ്റ് എന്നിവിടങ്ങളിലെ പരിസ്ഥിതി ശാസ്ത്രജ്ഞരായ ഡോ.പി.വിജയകുമാർ, ഡോ.എസ്.അഭിലാഷ് എന്നിവരുടെ പഠനങ്ങളെ ശരിവയ്ക്കുന്ന തരത്തിലാണ് സമീപകാല ദുരന്തങ്ങൾ.2018ലെ പ്രളയത്തിനു കാരണം ദിവസങ്ങൾ നീണ്ട മഴയായിരുന്നുവെങ്കിൽ, 2019ലെ പുതുമല, കവളപ്പാറ ദുരന്തങ്ങൾ മുതൽ മുണ്ടക്കൈ-ചൂരൽമല ദുരന്തം വരെയുള്ളവ കുറഞ്ഞ സമയത്തിനുള്ളിൽ പെയ്തിറങ്ങിയ അതിതീവ്ര മഴ സൃഷ്ടിച്ച ലഘു മേഘവിസ്ഫോടനങ്ങളുടെ ഫലമാണെന്നു പഠനങ്ങൾ തെളിയിക്കുന്നു. മൺസൂൺ കാലത്ത് കേരളതീരത്തോടു ചേർന്ന് അറബിക്കടലിലെ ഉപരിതല താപനില സാധാരണയെക്കാൾ 1–2 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നതാണ് കേരളം നേരിടുന്ന വെല്ലുവിളിയുടെ കാരണങ്ങളിലൊന്ന്.ഒരു സീസണിൽ ആകെ മഴയുടെ അളവ് നോക്കുന്ന പരമ്പരാഗത സംവിധാനം ഇനി ഫലപ്രദമാകില്ലെന്നാണു വിലയിരുത്തൽ. 24 മണിക്കൂറിലെ ആകെ കണക്കിനു പകരം, ഓരോ മണിക്കൂറിലും പെയ്യുന്ന മഴയുടെ തീവ്രത അളക്കേണ്ടിവരും. ഡോപ്ലർ റഡാറുകളും ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളും ഉപയോഗിച്ച് വില്ലേജ് / താലൂക്ക് തലത്തിൽ തത്സമയ മുന്നറിയിപ്പുകൾ നൽകുന്ന ‘നൗ കാസ്റ്റിങ്’ കാര്യക്ഷമമാക്കണമെന്നു നിർദേശമുണ്ട്. കടലിലെ ഉപരിതല താപനിലയും മേഘങ്ങളുടെ ഉയരവും ഈർപ്പവും വിശകലനം ചെയ്തുകൊണ്ടുള്ള ദുരന്തനിവാരണ പ്ലാനുകളുടെ ഏകോപനവും ആവശ്യമാണ്.


Fashion ⏭️

Back to top button