NEWS
‘പുതിയ തലമുറയെ ചിലർ തെറ്റായ വഴിക്ക് നയിക്കാൻ ശ്രമിച്ചു, എനിക്ക് കേന്ദ്രമന്ത്രിസ്ഥാനം ഒട്ടും പ്രധാനമായിരുന്നില്ല’

ഭുവനേശ്വർ ∙ രാജ്യത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച നീറ്റ് ചോദ്യ പേപ്പർ ചോർച്ച വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ ധർമേന്ദ്ര പ്രധാൻ. പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചതിനു പിന്നിലെ കാരണം അദ്ദേഹം ആദ്യമായി പരസ്യമായി വ്യക്തമാക്കി. നീറ്റ് വിവാദത്തിനിടയിൽ രാജ്യത്തെ പുതിയ തലമുറയെ (ജെൻസീ) ചിലർ തെറ്റായ വഴിക്ക് നയിക്കാൻ ബോധപൂർവം ശ്രമിച്ചുവെന്നും അതിനാലാണ് താൻ മന്ത്രിസ്ഥാനം രാജിവയ്ക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിലെ ജന്തർമന്തറിൽ നടന്ന ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങളെത്തുടർന്ന് ജൂലൈ 25നാണ് ധർമേന്ദ്ര പ്രധാൻ മന്ത്രിസ്ഥാനം രാജിവച്ചത്. രാജിക്ക് കൃത്യം രണ്ടാഴ്ചയ്ക്ക് ശേഷം ഭുവനേശ്വറിലെ ജിഎം സർവകലാശാലയിൽ വിദ്യാർഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.‘‘പുതിയ തലമുറയിലെ കുട്ടികൾ നമ്മുടെ മക്കളാണ്. എന്നാൽ ചിലർ അവരെ തെറ്റായ രീതിയിൽ വഴിതിരിച്ചുവിടാൻ ശ്രമിച്ചു. എനിക്ക് വ്യക്തിപരമായ മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ ഓരോ വർഷവും രണ്ട് കോടിയോളം കുട്ടികളാണ് ജനിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ 20 കോടി കുട്ടികൾ ജനിച്ചു. അവർക്ക് വലിയ ലക്ഷ്യങ്ങളുണ്ട്. അവരാണ് ഇന്ത്യയെ വിശ്വഗുരു ആക്കി മാറ്റാൻ പോകുന്നത്. അതുകൊണ്ട് തന്നെ എനിക്ക് കേന്ദ്രമന്ത്രിസ്ഥാനം ഒട്ടും പ്രധാനമായിരുന്നില്ല. ഈ വിഷയം ചൂണ്ടിക്കാട്ടി ഞാൻ സ്വയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കുകയും കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജി സന്നദ്ധത അറിയിക്കുകയുമായിരുന്നു’’ – ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
Fashion ⏭️


