NEWS
സൈക്കിൾ തിരികെ നൽകിയാൽ ‘പ്രിയപ്പെട്ട കള്ളന്’ 5 ലക്ഷം നൽകാം; മാനസാന്തരപ്പെട്ടാൽ നല്ല ജോലിയും: ബോബി ചെമ്മണൂർ

കളമശേരി ∙ ഇടപ്പള്ളി ടോളിൽ നിന്നു മോഷ്ടാവ് എടുത്തുകൊണ്ടുപോയ പ്രകാശൻ ചേട്ടന്റെ സൈക്കിൾ തിരികെ നൽകിയാൽ മോഷ്ടാവിന് 5 ലക്ഷം രൂപ നൽകുമെന്നും മോഷ്ടാവ് മാനസാന്തരപ്പെട്ടാൽ ശിഷ്ടകാലം മോഷ്ടിക്കാതെ ജീവിക്കാൻ നല്ല ജോലിയും നൽകാമെന്നും വ്യവസായി ബോബി ചെമ്മണൂർ (ബോച്ചെ). തന്റെ ഫോൺ നമ്പറിൽ ( 7994811116 ) വിളിച്ചു മോഷ്ടാവ് സൈക്കിൾ നേരിട്ട് ഏൽപിച്ചാൽ പണം നൽകുമെന്നും ഇത് ആരുമറിയില്ലെന്നും ബോച്ചെ അറിയിച്ചു.എം.ബി.പ്രകാശെന്ന പ്രകാശൻ ചേട്ടനു കൈമാറിക്കിട്ടിയ 70 വർഷത്തോളം പഴക്കമുള്ള റാലി സൈക്കിൾ മോഷണം പോയതുമായി ബന്ധപ്പെട്ടു മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്ത പങ്കിട്ടു കൊണ്ടാണു ബോബി ചെമ്മണ്ണൂർ സമൂഹ മാധ്യമത്തിലൂടെ വാഗ്ദാനം മുന്നോട്ടു വച്ചത്. വാർത്തവായിച്ച് തനിക്കുണ്ടായ വിഷമത്തേക്കാൾ എത്രയോ മടങ്ങ് വലുതായിരിക്കും പരമ്പരാഗതമായി കിട്ടിയ സൈക്കിൾ നഷ്ടപ്പെട്ടപ്പോൾ ഉടമയ്ക്ക് ഉണ്ടായിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബോബി ചെമ്മണൂരിന്റെ വാഗ്ദാനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് എം.ബി.പ്രകാശ് പറഞ്ഞു. ബുധനാഴ്ച വൈകിട്ടാണു സൈക്കിൾ നഷ്ടമായത്. പിതാവിന്റെ ചരമവാർഷികത്തിന്റെ തലേന്നാണ് സൈക്കിൾ മോഷണം പോയതെന്നുള്ളതു ദുഃഖം ഇരട്ടിയാക്കി. സൈക്കിൾ പേരക്കുട്ടിക്കു കൈമാറണമെന്ന ആഗ്രഹവും ബാക്കിയായി. സൈക്കിൾ മോഷണം പോയതിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സിസിടിവി പരിശോധനയിൽ സൈക്കിൾ വട്ടേക്കുന്നം ഭാഗത്തേക്കാണു മോഷ്ടാവ് കടത്തിക്കൊണ്ടുപോയതെന്ന സൂചന ലഭിച്ചിട്ടുണ്ട്.
Fashion ⏭️


