BUSINESS
റിലയന്‍സ് ഓഹരിയിലെ ഇടിവ് തിരിച്ചടിയല്ല, അംബാനിയുടെ വമ്പന്‍ തന്ത്രം, പഴമയെ പുതുമയാക്കുന്ന മാജിക്ക്

Mukesh Ambani New Energy Investment: ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് (Reliance Industries Ltd) റെക്കോര്‍ഡ് വരുമാനവും, 95,000 കോടിയിലധികം അറ്റാദായവും നേടുമ്പോഴും ഓഹരി വില ആകര്ഷകമല്ലാതാകുന്നു. റിലയന്‍സ് ഓഹരികള്‍ നിലവില്‍ മുന്‍ ഉയരത്തില്‍ നിന്ന് 21 ശതമാനത്തോളം താഴെയാണ്. ഇത് റീട്ടെയില്‍ നിക്ഷേപകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. വന്‍ ലാഭമുണ്ടാക്കിയിട്ടും റിലയന്‍സിന്റെ ഓഹരികള്‍ എന്തുകൊണ്ട് ഇടിയുന്നുവെന്നാണ് ഇവര്‍ ചോദിക്കുന്നത്. ഇതിന് ഉത്തരം ഈ ഇടിവ് കമ്പനിയുടെ തകര്‍ച്ച കൊണ്ടല്ലെന്നതാണ്. മുകേഷ് അംബാനിയുടെ വമ്പന്‍ തന്ത്രങ്ങളാണ് ഇവിടെ നിക്ഷേപകര്‍ കാണേണ്ടതും, മനസിലാക്കേണ്ടതും. ഭാവി മുന്നില്‍ കണ്ട് പുതിയ മാറ്റങ്ങള്‍ക്കായി നടത്തുന്ന വന്‍ നിക്ഷേപങ്ങളാണ് നിലവിലെ തളര്‍ച്ചയ്ക്കു കാരണം. ജിയോയ്ക്കും, റീട്ടെയിലിനും ശേഷം പുതിയൊരു സാമ്രാജ്യം പടുത്തുയര്‍ത്താനുള്ള മ്രത്തിലാണ് അംബാനിയും കൂട്ടും. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 2024 ജൂലൈ 8 ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 1,608.95 രൂപയിലെത്തിയിരുന്നു. എന്നാല്‍ 2025 ഏപ്രില്‍ 7 ആയപ്പോഴേക്കും ഓഹരി വില 1,115.55 രൂപയിലേയ്ക്ക് ഇടിഞ്ഞു. 2026 ജനുവരി 5 ആയപ്പോഴേക്കും വീണ്ടും 1,611.20 രൂപ എന്ന പുതിയ ഉയരം കുറിച്ചു. തുടര്‍ന്ന് വീണ്ടും ഇടിഞ്ഞു. നിലവില്‍ ലെ 1,275- 1,280 രൂപ റേഞ്ചിലുള്ള ഓഹരി അതിന്റെ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിലയേക്കാള്‍ ഏകദേശം 21 ശതമാനം താഴെയാണ്. മികച്ച വരുമാനവും റെക്കോര്‍ഡ് ലാഭവും റിലയന്‍സ് രേഖപ്പെടുത്തുമ്പോഴാണ് ഓഹരി വിലയിലെ ഈ നെഗറ്റീവ് പ്രഭാവം. 2026 സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ് 10.56 ലക്ഷം കോടി രൂപ വരുമാനവും 95,754 കോടി രൂപ ലാഭവും നേടിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഓഹരികള്‍ കുതിക്കേണ്ടതാണ്. എന്നാല്‍ അതുണ്ടാകുന്നില്ല. ഇതിന് കാരണം കമ്പനിയുടെ ബിസിനസ് തകരുന്നതുകൊണ്ടല്ല, മറിച്ച് ഭാവി വളര്‍ച്ചയ്ക്കായി വലിയ തോതില്‍ നിക്ഷേപിക്കുന്നതു കൊണ്ടാണെന്ന് വിദഗ്ധര്‍ പറയുന്നു. പ്രത്യേകിച്ച് റിലയന്‍സിന്റെ ന്യൂ എനര്‍ജി മേഖലയിലെ നിക്ഷേപങ്ങളാണ് ശ്രദ്ധിക്കേണ്ടത്. റിലയന്‍സിന്റെ തന്ത്രങ്ങള്റിലയന്സ് അതിന്റെ യാത്ര പാത നവീകരിക്കുകയാണ്. കമ്പനി പഴയതില്‍ നിന്ന് പുതിയതിലേക്ക് നീങ്ങുന്നു. എണ്ണ, കെമിക്കല്‍സ് തുടങ്ങിയ പരമ്പരാഗത ബിസിനസുകളില്‍ നിന്ന് ലഭിക്കുന്ന വന്‍ ലാഭം ഉപയോഗിച്ച് പുതിയ ബിസിനസുകള്‍ (റീട്ടെയില്‍, ഡിജിറ്റല്‍, ന്യൂ എനര്‍ജി) വളര്‍ത്തിയെടുക്കുക എന്ന വമ്പന്‍ തന്ത്രമാണ് റിലയന്‍സ് ആവിഷ്കരിക്കുന്നത്. കമ്പനി നിലവില്‍ വെറുമൊരു എണ്ണക്കമ്പനിയല്ല. എണ്ണ- വാതകം, ജിയോ പ്ലാറ്റ്ഫോംസ്, റിലയന്‍സ് റീട്ടെയില്‍, റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് (Campa, Independence തുടങ്ങിയവ), ജിയോസ്റ്റാര്‍ & മീഡിയ, ന്യൂ എനര്‍ജി എന്നിങ്ങനെ ആറ് വ്യത്യസ്ത ബിസിനസ് മേഖലകളിലായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.കേവലം പുതിയ മൊബൈല്‍ വരിക്കാരെ ചേര്‍ക്കുന്നതിന് പകരം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ക്ലൗഡ് സേവനങ്ങള്‍, എന്റര്‍പ്രൈസ് സേവനങ്ങള്‍ തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങളിലൂടെ കൂടുതല്‍ വരുമാനം ഉണ്ടാക്കാനാണ് ജിയോ ശ്രമിക്കുന്നത്. ഇ-കൊമേഴ്സ്, ഹൈപ്പര്‍ലോക്കല്‍ ഡെലിവറി എന്നിവയില്‍ ആധിപത്യം സ്ഥാപിക്കാന്‍ റീട്ടെയില്‍ വിഭാഗവും ശ്രമിക്കുന്നു. ഇത്തരം നീക്കങ്ങള്‍ തുടക്കത്തില്‍ ലാഭവിഹിതം കുറഞ്ഞാലും വിപണി പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. നിക്ഷേപകര്‍ അറിയാന്‍ നിലവിലെ തളര്‍ച്ചകള്‍ നിക്ഷേപകര്‍ക്ക് ഭാവിയില്‍ വന്‍ കുതിപ്പ് സമ്മാനിച്ചേക്കുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. ന്യൂ എനര്‍ജി, സോളാര്‍, ഗ്രീന്‍ ഹൈഡ്രജന്‍, എഐ ഡാറ്റാ സെന്ററുകള്‍ എന്നീ മേഖലകളിലെ വമ്പന്‍ നിക്ഷേപങ്ങള്‍ ഭാവി സാധ്യതകള്‍ ശക്തമാക്കുന്നു. ജിയോ ആദ്യം നഷ്ടത്തിലായിരുന്നെങ്കിലും പിന്നീട് കമ്പനിയുടെ പ്രധാന ലാഭകേന്ദ്രമായി മാറിയതു നിക്ഷേപകരെ വിദഗ്ധര്‍ ഓര്‍മ്മപ്പെടുത്തുന്നു. പുതിയ നിക്ഷേപങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു. വരുമാനത്തിനായി ഒരൊറ്റ മേഖലയെ ആശ്രയിക്കാതെ, ടെലികോം, റീട്ടെയില്‍, എഫ്എംസിജി തുടങ്ങിയ ഉപഭോക്തൃ ബിസിനസുകളിലേക്ക് മാറുന്നത് അംബാനിയുടെ വമ്പന്‍ തന്ത്രമാണെന്നും ഇവര്‍ പറയുന്നു. കമ്പനിയുടെ വളര്‍ച്ച കൂടുതല്‍ സുരക്ഷിതമാകുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. അപകടസാധ്യതകള്‍: കണ്ണടയ്ക്കരുത്കാര്യങ്ങള് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അനുകൂലമാണെന്ന് പറയുമ്പോഴും വരുമാനവും ചെലവും തമ്മിലുള്ള അന്തരം കാണാതെ പോകരുത്. സോളാര്‍, ഗ്രീന്‍ ഹൈഡ്രജന്‍ തുടങ്ങിയവയ്ക്ക് തുടക്കത്തില്‍ വലിയ നിക്ഷേപം ആവശ്യമാണ്. എന്നാല്‍ ഇതില്‍ നിന്നുള്ള ലാഭം ലഭിക്കാന്‍ കാലതാമസം എടുക്കും. ഈ കാത്തിരിപ്പ് ഓഹരി വിലയില്‍ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നതിന് തടസമായേക്കാമെന്ന് ചില വദഗ്ധര്‍ പറയുന്നു. നിക്ഷേപകര്‍ ഒരുപക്ഷെ പ്രതീക്ഷിച്ചതിലും കൂടുതല്‍ കാത്തിരിക്കേണ്ടി വന്നേക്കാം. റീട്ടെയില്‍ മേഖലയില്‍ പണം മുടക്കുമ്പോഴും, ഇവിടത്തെ ലാഭം വളരെ കുറവാണെന്നത് ഒരു വെല്ലുവിളിയാണ്. ഇ-കൊമേഴ്സിലും മറ്റും അതിവേഗ വളര്‍ച്ച ലക്ഷ്യമിടുന്നതിനാല്‍ റിലയന്‍സ് റീട്ടെയിലിന്റെ ലാഭവിഹിതം ഇപ്പോള്‍ കുറവാണ്. പുതിയ ബിസിനസുകള്‍ പ്രതീക്ഷിച്ചതുപോലെ വിജയം കണ്ടില്ലെങ്കില്‍ വലിയ നഷ്ടത്തിന് കാരണമാകാം. വരുമാനം വരുന്ന വഴി റിലയന്‍സിന്റെ മൊത്തം വരുമാനത്തിന്റെ 59% ഇപ്പോഴും എണ്ണ- കെമിക്കല്‍ (O2C) ബിസിനസില്‍ നിന്നു തന്നെയാണ് വരുന്നത്. അതേസമയം പ്രവര്‍ത്തന ലാഭത്തിന്റെ (EBITDA) 50 ശതമാനത്തിലധികവും ജിയോ, റീട്ടെയില്‍ തുടങ്ങിയ ഉപഭോക്തൃ ബിസിനസുകളില്‍ നിന്നാണ്. റിലയന്‍സ് ഒരു എണ്ണക്കമ്പനിയില്‍ നിന്നും ഒരു ടെക്- ഉപഭോക്തൃ കമ്പനിയായി മാറിക്കഴിഞ്ഞു എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്.സ്വന്തം ബിസിനസുകളില്‍ നിന്നുള്ള ലാഭം ഉപയോഗിച്ച് പുതിയ മേഖലകളിലേക്ക് അംബാനി നീങ്ങുന്നുവെന്നത് വളരെ പോസിറ്റീവ് ആണ്. കടങ്ങള്‍ ഒഴിവാക്കി നിര്‍ത്താന്‍ കഴിയുന്നത് കമ്പനിയുടെ അടിസ്ഥാന സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്: ഒറ്റനോട്ടത്തില്‍ നിലവിലെ ഓഹരി വില: 1,278 രൂപ നിലവിലെ വിപണിമൂല്യം: 17,29,458 കോടി 52 വീക്ക് ഹൈ/ ലോ: 1,612 രൂപ/ 1,250 രൂപ സ്റ്റോക്ക് പിഇ: 23.1 ബുക്ക്വാല്യൂ: 668 രൂപ ഡിവിഡന്റ്: 0.47% ആര്‍ഒസിഇ: 10.3% ആര്‍ഒഇ: 8.91% മുഖവില: 10 രൂപ(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വസ്തുതകള്‍ അടിസ്ഥാനമാക്കിയാണ്. ഇത് ഓഹരി വാങ്ങാനോ, ഒഴിവാക്കാനോ ഉള്ള നിര്‍ദേശമല്ല. നിക്ഷേപകരുടെ അറിവിലേക്കായാണ്. ഓഹരി നിക്ഷേപങ്ങള്‍ വിപണികളിലെ ലാഭ- നഷ്ട സാധ്യതകള്‍ക്കു വിധേയമാണ്. അതിനാല്‍ നിക്ഷേപങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം.)
Read News


