LIFESTYLE

മകൾ മുന്നിൽ നിന്ന് നയിച്ചു: ഇത് ഒരു ചെറിയ കുടുംബം ഒരുമിച്ചുകണ്ട സ്വപ്നം; വിഡിയോ


ദീർഘവർഷങ്ങൾ പഴക്കമുള്ള കുടുംബവീട്ടിലായിരുന്നു ഔസേപ്പച്ചനും കുടുംബവും താമസിച്ചിരുന്നത്. കാലോചിത സൗകര്യങ്ങളുള്ള പുതിയ വീട് കുടുംബത്തിന്റെ വലിയ ആഗ്രഹമായിരുന്നു. മകൾ നഴ്സായി യുകെയിൽ പോയതോടെ ആ സ്വപ്നങ്ങൾക്ക് ചിറകുമുളച്ചു.ഒരുവർഷത്തിനുള്ളിൽ കോട്ടയം ജില്ലയിലെ കരിമ്പാനി എന്ന കൊച്ചുഗ്രാമത്തിൽ അവരുടെ സ്വപ്നവീട് ഉയർന്നു. ഏകദേശം 25 സെന്റിൽ 2600 സ്ക്വയർഫീറ്റിൽ സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 73 ലക്ഷം രൂപയ്ക്കാണ് ഒറ്റനില വീട് പൂർത്തിയാക്കിയത്.വീടുപോലെതന്നെ ചുറ്റുപാടുകളും മനോഹരമായി ഒരുക്കി. വിശാലമായ മുറ്റവും ഡ്രൈവ് വേയും ഇന്റർലോക്ക് വിരിച്ചു. ഒരുഭാഗത്ത് പേൾഗ്രാസ് വിരിച്ച് ഭംഗിയാക്കി, നിരപ്പായി വാർത്തശേഷം ജിഐ ട്രസ്സ് ചെയ്ത് പലതട്ടുകളായി ചരിച്ച് സെറാമിക് ഓട് വിരിച്ച മേൽക്കൂരയാണ് വീടിന്റെ പുറംകാഴ്ചയുടെ ഭംഗി. രണ്ടോ മൂന്നോ കാറുകൾ സുഖമായിട്ട് പാർക്ക് ചെയ്യാവുന്ന രീതിയിൽ കാർപോർച്ച് വീടിന്റെ ഭാഗമാക്കി മാറ്റി.പ്രധാനവാതിലും അകത്തെ വാതിലുകളും ജനലുകളും കട്ടിളകളും എല്ലാം സ്റ്റീലിലാണ് ചെയ്തിരിക്കുന്നത്. അകത്തേക്കു പ്രവേശിക്കുന്നത് ഫോർമൽ ലിവിങ്ങിലേക്കാണ്. സ്വകാര്യത കണക്കിലെടുത്ത് ഒരു വശത്തായാണ് ഫോർമൽ ലിവിങ്. റെഡിമെയ്ഡ് ഫർണിച്ചറുകളാണ് ഇന്റീരിയർ അലങ്കരിക്കുന്നത്.പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, മൂന്ന് ബെഡ്റൂമുകൾ, അറ്റാച്ച്ഡ് ബാത്റൂം, കോർട്യാഡ് എന്നിവയാണ് വീട്ടിലെ പ്രധാന ഇടങ്ങൾ.വീട്ടുകാരുടെ ആഗ്രഹം പോലെ മഴയും വെയിലും കാറ്റും ഉള്ളിലെത്തുന്ന ഒരു നടുമുറ്റം വീടിന്റെ കേന്ദ്രസ്ഥാനത്ത് ഒരുക്കിയിരിക്കുന്നു. സുരക്ഷയ്ക്കായി മുകളിൽ ഗ്രിൽസും കൊടുത്തു. നിലവിൽ ഒറ്റ നിലവീടാണെങ്കിലും ഭാവിയിൽ മുകളിലേക്ക് ഇടങ്ങൾ വിപുലപ്പെടുത്താവുന്ന രീതിയിൽ സ്റ്റെയർ നൽകാവുന്ന സൗകര്യത്തിലാണ് കോർട്യാഡ് സ്പേസ് ഒരുക്കിയിരിക്കുന്നത്.


Cinema ⏭️

Back to top button