HEALTH

ഉണർന്ന് പല്ലുതേക്കുന്നതിന് മുമ്പ് വായിലെ ബാക്ടീരിയ വിഴുങ്ങിയാൽ ആയുസ്സ് കൂടുമോ? ഫാക്ട് ചെക്


സോഷ്യൽ മീഡിയയുടെ കാലത്ത് സത്യമേത്, അസത്യമേത് എന്ന് തിരിച്ചറിയൽ സാധാരണക്കാർക്ക് വലിയ പ്രയാസമായി മാറിയിരിക്കുകയാണ്. ആരോഗ്യരംഗത്തും വസ്തുതയെന്തെന്ന് തിരിച്ചറിയാൻ കഴിയാത്ത സന്ദേശങ്ങൾ ധാരാളം പങ്കുവെക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ സമീപകാലത്ത് വൻതോതിൽ പ്രചരിപ്പിക്കപ്പെടുന്ന ഒരു വ്യാജ പ്രചാരണമാണ് നാം ഉറങ്ങുമ്പോൾ വായിൽ രൂപപ്പെടുന്ന ബാക്ടീരിയ വിഴുങ്ങുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും എന്നത്. ഈ ബാക്ടീരിയകളെ വിഴുങ്ങാൻ രാവിലെ ഉറക്കമുണർന്നതിന് ശേഷം പല്ലുതേക്കുന്നതിന് മുമ്പ് വെള്ളം കുടിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ജപ്പാൻകാർ ആരോഗ്യവാന്മാരായി ഇരിക്കുന്നതിന്റെ പിന്നിലെ രഹസ്യം ഇങ്ങനെ ബാക്ടീരിയ വിഴുങ്ങുന്നതാണെന്നും സാമൂഹിക മാധ്യമങ്ങൾ തട്ടിവിടുന്നു. രാത്രിയിൽ വായിൽ രൂപപ്പെടുന്ന ബാക്ടീരിയകൾ നല്ല ബാക്ടീരിയകളാണ്; അവ വയറ്റിലെത്തി ദഹനം മെച്ചപ്പെടുത്തുമെന്നാണ് ചിലരുടെ വാദം. രോഗപ്രതിരോധശേഷി വർധിക്കുമെന്നും വയറിലെ വിഷാംശങ്ങൾ പുറത്താക്കുമെന്നും പറയുന്നവരുമുണ്ട്. വയറ്റിലെ അസിഡിറ്റി, മലബന്ധം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ പല രോഗങ്ങളും ഇതിലൂടെ നിയന്ത്രിക്കാമെന്ന് ചിലർ അവകാശപ്പെടുന്നു. ചർമം തിളങ്ങും, ഭാരം കുറയും എന്ന തരത്തിലുള്ള അവകാശവാദങ്ങളും പ്രചരിക്കുന്നു. എന്നാൽ ഈ പ്രചാരണത്തിന് പിന്നിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കുന്നു കോട്ടയം കാരിത്താസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റും ഓങ്കോ സർജനുമായ ഡോ. ജോജോ വി. ജോസഫ്. രാത്രി ഉറങ്ങുമ്പോൾ നമ്മുടെ സലൈവ (ഉമിനീർ) ഉൽപ്പാദനം 30 ശതമാനം കുറയും. തത്ഫലമായി വായിൽ ബാക്ടീരിയ നിറയും. ഉദാഹരണമായി ഒരു ചിക്കൻ പീസ് പുറത്തുവെച്ച് അഴുകുമ്പോൾ എന്തെല്ലാം സംഭവിക്കുമോ അതേ പ്രവൃത്തിയാണ് നമ്മുടെ വായിലും ഈ ബാക്ടീരിയകൾ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാലാണ് രാവിലെ എഴുന്നേൽക്കുമ്പോൾ വായിൽ ദുർഗന്ധം ഉണ്ടാകുന്നതെന്നും ഡോക്ടർ വിശദീകരിക്കുന്നു. ഇത് വിഴുങ്ങിയാൽ ഗട്ട് മൈക്രോബയോം (കുടലിലെ സൂക്ഷ്മജീവികൾ) ആയി മാറുമെന്നാണ് പ്രചാരണം. യഥാർഥത്തിൽ ഇതിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന പലതും നമ്മുടെ ശരീരത്തിന് അപകടകരമാണ്. ഗുണകരമായ ഉൽപ്പന്നങ്ങളൊന്നും തന്നെ ഈ ബാക്ടീരിയകൾ ഉൽപ്പാദിപ്പിക്കുന്നില്ല. മാത്രമല്ല, ആരോഗ്യമുള്ള ആളുകളിൽ ഇവ വയറ്റിലെത്തുമ്പോൾ വയറിലെ ആസിഡ് ഇവയെ നശിപ്പിക്കുന്നതിനാൽ ഇത് ഗട്ട് മൈക്രോബയോമായി മാറുകയില്ലെന്നും ഡോ. ജോജോ വി. ജോസഫ് വ്യക്തമാക്കുന്നു.


Source link

Life Style ⏭️

Back to top button