NEWS
‘ഇതു കമ്യൂണിസ്റ്റ് രീതിയല്ല; മുന്നിൽ നിന്നു നയിച്ചവരുടെ ധാർഷ്ട്യം തിരിച്ചടിയായി’

ന്യൂഡൽഹി ∙ മുന്നിൽ നിന്നു നയിച്ചവർ ധാർഷ്ട്യത്തോടെ പെരുമാറിയതു പാർട്ടിക്കു തിരിച്ചടിയായെന്നു സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിമർശനം. ഇതു പാർട്ടിയുടെ ശൈലിയായി വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ദീർഘനാളായി അധികാരത്തിനു പുറത്തുള്ള ബംഗാളിൽ പോലും നേതാക്കൾ ധാർഷ്ട്യത്തോടെ പെരുമാറി. ഇതു കമ്യൂണിസ്റ്റ് രീതിയല്ല. പാർട്ടിക്ക് ഒപ്പം നിന്നവരെയും വിഭാഗങ്ങളെയും അകറ്റാൻ അതു കാരണമായി. ഈ ശൈലിയാണു പിഴച്ചതെന്നും അതു മാറ്റാതെ തരമില്ലെന്ന പൊതുവികാരമുയർന്ന യോഗത്തിൽ, സാധാരണ തിരുത്തൽ മതിയാകില്ലെന്നും അഭിപ്രായം ഉയർന്നു. കൂടുതൽ വിഭാഗങ്ങളെ ഒപ്പം നിർത്താനുള്ള ശ്രമം പാർട്ടി നടത്തണം. പ്രവർത്തന ശൈലിയിൽ കാര്യമായ മാറ്റം വേണം. ജനങ്ങളെയും അനുഭാവികളെയും കൂടുതൽ അടുപ്പിച്ചു നിർത്തണം. പൊതുജന ബന്ധമില്ലാത്ത സംവിധാനമായി പാർട്ടി മാറരുത്. എല്ലാവരിലേക്കും ഇറങ്ങിച്ചെല്ലാൻ കഴിയണം. സ്ഥാനാർഥി നിർണയത്തിൽ ഉയർന്ന പരാതികളെ പരിഹാസപൂർവമാണു നേതൃത്വം കണ്ടതെന്നും വിമർശനവും ഉന്നയിക്കപ്പെട്ടു.
Source link


