വിയറ്റ്നാം ബോട്ട് ദുരന്തം: മലയാളി ദമ്പതികളുടെ മൃതദേഹം മുംബയിൽ ഇന്നെത്തും, സംസ്കാരം വ്യാഴാഴ്ച

കൊല്ലം: തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞുമരിച്ച കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലിൽ ഇന്ന് രാത്രി 10ന് മുംബയ് വിമാനത്താവളത്തിൽ എത്തിക്കും. വിക്ടറി ഗ്രൂപ്പ് ഉടമ കൊട്ടാരക്കര ചന്തമുക്ക് കൃപനഗർ ആവിയോട്ട് വീട്ടിൽ എ.വി.തോമസ് (57, ജോമോൻ), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ മൃതദേഹം പിറ്റേന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച് കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണം നോർക്ക ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പോസ്റ്റ് മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമം ഒഴിവാക്കി. അടുത്തദിവസം പൊതുദർശനത്തിനായി പുലമൺ മാർത്തോമ്മ ജൂബിലി മന്ദിരം ചാപ്പലിലേക്ക് മാറ്റും. തുടർന്ന് കൊട്ടാരക്കര മാർത്തോമ്മ വലിയപള്ളിയിലെ കുടുംബ കല്ലറയിൽ വ്യാഴാഴ്ച സംസ്കരിക്കും. ഇന്നലെ യാത്രാബോട്ടിലാണ് വിയറ്റ്നാം തലസ്ഥാനമായ ഹനോയി സിറ്റിയിൽ മൃതദേഹങ്ങളെത്തിച്ചത്. മറ്റ് 13 പേരുടെയും മൃതദേഹം ഹനോയി സിറ്റിയിലെത്തിച്ചിട്ടുണ്ട്. അതേസമയം അപകടത്തിൽ നിന്നും രക്ഷപ്പെട്ട 15 പേർ ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ ഒരാൾ മാത്രമാണ് ചികിത്സയിലുള്ളത്.


